സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം ഗോഡൗണിൽ തീപിടിത്തം

സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം ഗോഡൗണിൽ തീപിടിത്തം

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം പേപ്പർ, ഓഫിസ് സ്റ്റേഷനറി വിതരണ കമ്പനിയുടെ ഗോഡൗണിൽ തീപിടിത്തം. കാരിക്കാമുറി മൊണാസ്ട്രി റോഡ് ചൂരേപ്പറമ്പിൽ ലെയ്‌നിലുള്ള എ3 അസോഷ്യേറ്റ്സ് എന്ന സ്ഥാപനത്തിന്റെ രണ്ടാം നിലയിലെ ഗോഡൗണിലാണു ഇന്നലെ രാവിലെ 11.30നു തീപിടിത്തമുണ്ടായത്. 9 അഗ്നിരക്ഷാ വാഹനങ്ങളെത്തി ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണു തീയണച്ചത്.ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നു കരുതുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താൽക്കാലികമായി നിർമിച്ച ഗോഡൗണിലാണു തീപിടിച്ചത്.

 പേപ്പർ, പേന, മഷി തുടങ്ങിയ സ്റ്റേഷനറി സാധനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. പെട്ടെന്ന് തീ പടർന്നതോടെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ മുഴുവൻ കത്തി നശിച്ചു. 50 ലക്ഷം രൂപയുടെ സ്റ്റോക്ക് ഉണ്ടായിരുന്നതായി സ്ഥാപന അധികൃതർ പറഞ്ഞു. അഗ്നിരക്ഷാ സേന നഷ്ടം കണക്കാക്കുന്നതേയുള്ളൂ.ക്ലബ് റോഡ്, ഗാന്ധിനഗർ, ഏലൂർ, തൃപ്പൂണിത്തുറ, ആലുവ, തൃക്കാക്കര എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണയ്ക്കുന്നതിൽ പങ്കാളികളായി. റീജനൽ ഫയർ ഓഫിസർ കെ.കെ. ഷിജു, ജില്ലാ ഫയർ ഓഫിസർ എ.എസ്. ജോജി, തൃപ്പൂണിത്തുറ സ്റ്റേഷൻ ഓഫിസർ കെ. ഷാജി, ക്ലബ് റോഡ് അസി. സ്റ്റേഷൻ ഓഫിസർ എസ്. സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Related post