ഇളവനുവദിച്ച ആദ്യ ദിവസം തന്നെ കൊച്ചിയിൽ  തിരക്കായി

ഇളവനുവദിച്ച ആദ്യ ദിവസം തന്നെ കൊച്ചിയിൽ തിരക്കായി

ലോക്‌ഡൗണിൽ ജില്ലയ്ക്ക് ഇളവനുവദിച്ച ആദ്യ ദിവസം രാവിലെ കാര്യമായ അനക്കം റോഡിൽ ഉണ്ടായില്ല. എന്നാൽ ഉച്ചയോടെ സ്ഥിതി മാറി, വാഹനങ്ങൾ കൂടുതലായി റോഡിലേക്കിറങ്ങി. ഒറ്റ അക്ക നമ്പർ ഉള്ള വാഹനങ്ങൾക്ക് മാത്രമായിരുന്നു വെള്ളിയാഴ്ച റോഡിലിറങ്ങാൻ അനുമതി. ഇരട്ട അക്കമുള്ള വാഹനങ്ങൾ പോലീസ് തിരിച്ചയച്ചു. ഉച്ചയോടെ തുറന്നു പ്രവർത്തിച്ച സ്ഥാപനങ്ങളിലും തിരക്കായി.

ജില്ലയിലെ ഹോട് സ്പോട്ടായ കൊച്ചി കോർപ്പറേഷനിലെ കലൂർ സൗത്ത്, പനയപ്പിള്ളി എന്നീ ഡിവിഷനുകളിൽ ശക്തമായ യാത്രാവിലക്കായിരുന്നു പോലീസ് നടത്തിയത്. ഇതിനോടൊപ്പം പ്രധാന ജങ്ഷനുകളിലും പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു.

അതേസമയം സിവിൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾ പകുതി തുറന്ന് പ്രവർത്തിച്ചെങ്കിലും ജീവനക്കാർ വിരലിലെണ്ണാവുന്നർ മാത്രമായിരുന്നു. ഇൻഫോപാർക്കിലെ പത്തിൽ താഴെ ഐ.ടി. കമ്പനികളും തുറന്നെങ്കിലും ഹാജർ നില കുറവായിരുന്നു. ലോക്ഡൗൺ ഇളവ് ലഭിച്ചതോടെ കാക്കനാടും പരിസര പ്രദേശങ്ങളിലും പുറത്തിറങ്ങിയവരുടെ എണ്ണം വർധിച്ചു.

നിരവധി പേർ സാധനങ്ങളും മറ്റും വാങ്ങാനായി വാഹനങ്ങളെടുത്തും കാൽനടയായും ജങ്ഷനുകളിലെത്തിയിരുന്നു. ഓൺലൈൻ വിതരണമാണെങ്കിൽ പോലും ഹോട്ടലുകൾ പതിവിലുമധികം തുറന്നു പ്രവർത്തിച്ചു. റംസാൻ വ്രതാരംഭമായതിനാൽ ഭക്ഷ്യസാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്കും വൈകീട്ടോടെ അനുഭവപ്പെട്ടു.

Related post