ഫ്ലാറ്റ് പൊളിക്കൽ അറിയാൻ സൈറൺ , നിരോധനാജ്ഞ , ഗതാഗത നിയന്ത്രണം!

ഫ്ലാറ്റ് പൊളിക്കൽ അറിയാൻ സൈറൺ , നിരോധനാജ്ഞ , ഗതാഗത നിയന്ത്രണം!

കൊച്ചി മരടിലെ ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്തുമ്പോൾ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ ഏർപ്പെടുത്തും. സ്ഫോടനം നടക്കുന്നതിന് 2 മണിക്കൂർ മുൻപു മുതൽ, സ്ഫോടന ശേഷം സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നതു വരെയാണു നിരോധനാജ്ഞയെന്ന് കലക്ടർ എസ്. സുഹാസ് പറഞ്ഞു. മരടിലെ ഫ്ലാറ്റുകളിലെ നിയന്ത്രിത സ്ഫോടന ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ, സബ് കലക്ടർ സ്നേഹിൽകുമാർ സിങ് തുടങ്ങിയവർ പങ്കെടുത്തു.

11ന് നടക്കുന്ന സ്ഫോടനത്തിനു മുന്നോടിയായി 10ന് മോക്ക് ഡ്രിൽ നടത്തും. 11നു രാവിലെ 9 മുതൽ എച്ച്2ഒ ഹോളിഫെയ്ത്ത്, ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ ഏർപ്പെടുത്തും. സ്ഫോടനത്തിൽ പങ്കാളികളാകുന്ന വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൺട്രോൾ റൂം പ്രവർത്തിക്കും. നേരത്തേ തീരുമാനിച്ച സമയക്രമത്തിൽ മാറ്റമില്ല. സമയക്രമം തീരുമാനിച്ചത് സാങ്കേതിക സമിതിയാണ്. അവർ നൽകിയ സമയക്രമമനുസരിച്ചുള്ള നടപടികളാണ് ജില്ലാ ഭരണകൂടം തീരുമാനിക്കുന്നതെന്ന് കലക്ടർ പറഞ്ഞു.

സമീപവാസികൾക്കായി ബോധവൽക്കരണ പരിപാടികൾ ഇന്ന് ആരംഭിക്കും. ഏകദേശം 2000 പേരെ ഒഴിപ്പിക്കേണ്ടി വരും. മാറ്റിപ്പാർപ്പിക്കാനായി രണ്ടു കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഒഴിപ്പിക്കുന്നവർക്കായി വാഹന സൗകര്യവും ഏർപ്പെടുത്തും. മറൈൻ പൊലീസ് ഉൾപ്പെടെ അഞ്ഞൂറോളം പേരെ സുരക്ഷയ്ക്കായി പരിസരത്ത് വിന്യസിക്കും. കാഴ്ചക്കാരായി എത്തുന്നവർക്കായി ചില സ്ഥലങ്ങൾ നീക്കിവയ്ക്കും.

സ്ഫോടനത്തിനു ശേഷം ആദ്യം സ്ഫോടക വിദഗ്ധർ സ്ഥലം സന്ദർശിക്കും. പിന്നീട് അഗ്നിശമന സേന സ്ഥലം സന്ദർശിച്ച് പൊടി നിയന്ത്രിക്കാനായി വെള്ളം തളിക്കും. തുടർന്ന് സുരക്ഷിതമാണെന്ന് ഉറപ്പു ലഭിച്ചാൽ മാത്രമേ നിരോധനാജ്ഞ പിൻവലിച്ച് ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂവെന്നു കലക്ടർ പറഞ്ഞു.

Related post