പ്രളയ ദുരിതാശ്വാസ ഫണ്ടിൽ വെട്ടിപ്പ്; കലക്ടറേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ വെട്ടിപ്പ്; കലക്ടറേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പു കേസിൽ കലക്ടറേറ്റിലെ സസ്പെൻഷനിലായ സെക്ഷൻ ക്ലാർക്ക് മാവേലിപുരം സ്വദേശി വിഷ്ണു പ്രസാദ് അറസ്റ്റിൽ. അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ഇന്നലെ  രാവിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായ വിഷ്ണുവിനെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. വിഷ്ണു കുറ്റം സമ്മതിച്ചതായാണ് സൂചന. കൂട്ടുപ്രതി സിപിഎം സസ്പെൻഡ് ചെയ്ത തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം.അൻവർ ഒളിവിലാണ്. ഇയാളെ സഹായിച്ച ആളെയും തിരയുന്നുണ്ട്.

ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിഷ്ണുവിനെ കലക്ടറേറ്റിൽ കൊണ്ടുവന്നു തെളിവു ശേഖരിച്ചു. ദുരിതാശ്വാസ ഫണ്ട് വിതരണ വിഭാഗത്തിലെ കംപ്യൂട്ടറുകൾ നേരത്തെ മുദ്രവച്ചു കലക്ടറേറ്റ് റെക്കോർഡ് വിഭാഗത്തിലെ സ്ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു. എഡിഎമ്മിന്റെ പേരിലുള്ള അക്കൗണ്ടിന്റെ യൂസർഐഡിയും പാസ്‍വേഡും ഉപയോഗിച്ചു കംപ്യൂട്ടർ തുറന്നതു മുതൽ തൃക്കാക്കര അയ്യനാട് സഹകരണ ബാങ്കിന്റെ പേരിലുള്ള ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്കു പണം മാറ്റിയതു വരെയുള്ള പ്രക്രിയ അന്വേഷണ സംഘം വിഷ്ണുവിൽ നിന്നു മനസിലാക്കി. ദുരിതാശ്വാസ ഫണ്ട് വിതരണ വിഭാഗത്തിലെ കംപ്യൂട്ടർ ഹാർഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഫെഡറൽ ബാങ്ക് ശാഖയിലും പൊലീസ് തെളിവെടുപ്പ് നടത്തി.

Related post