ഫുഡ് ഓൺ വീൽസ് പദ്ധതിയുമായി കളമശേരി കുടുംബശ്രീ

ഫുഡ് ഓൺ വീൽസ് പദ്ധതിയുമായി കളമശേരി കുടുംബശ്രീ

കളമശേരി∙ ഭക്ഷണ വിൽപനക്കായി നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകൾ ‘ഫുഡ് ഓൺ വീൽസ്’ പദ്ധതി നടപ്പിലാക്കുന്നു. 35–ാം വാർഡിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 9 ഇ–ഓട്ടോ തയാറാക്കി. ഭക്ഷണം പാകം ചെയ്യുന്നതിന് സെൻട്രൽ കിച്ചൻ തയാറാക്കിയിട്ടുണ്ട്. ഇവിടെ പാചകം ചെയ്യുന്ന ഭക്ഷണ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുകയാണ്  ലക്ഷ്യം. ഒരു വാഹനത്തിൽ 3 പേർക്കാണ് ജോലി ലഭിക്കുക. ജനസാന്ദ്രതയുള്ള പ്രദേശങ്ങളി‍ൽ എന്നും രാവിലെ 10ന് ഭക്ഷണവുമായി വാഹനമെത്തും. രാത്രി 9വരെ പ്രവർത്തിക്കും.

വാഹനത്തിൽ തന്നെ അടുപ്പം മറ്റു സംവിധാനങ്ങളും ഒരുക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നയങ്ങൾക്ക് അനുസൃതമായി തികച്ചും പരിസ്ഥിതി സൗഹൃദമാണ് ഇ- ഓട്ടോകൾ. ഇവ ഓടിക്കുന്നതിന് പ്രത്യേക ലൈസൻസ് ആവശ്യമില്ലാത്തതിനാൽ ഇവയുടെ പരിപാലനവും എളുപ്പമാണ്. ചാർജ് ചെയ്യാവുന്ന ബാറ്ററികളാണ് ഇതിലുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം 30ന് കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. മന്ത്രി എ.സി.മൊയ്തീൻ മുഖ്യാതിഥിയാകും.

Related post