വിദേശമദ്യ തട്ടിപ്പ്, അന്വേഷണം  ഒതുക്കാൻ വാങ്ങിയത് 10 ലക്ഷം!

വിദേശമദ്യ തട്ടിപ്പ്, അന്വേഷണം ഒതുക്കാൻ വാങ്ങിയത് 10 ലക്ഷം!

വിദേശ മദ്യ ബിസിനസിൽ ഇരട്ടി ലാഭം വാഗ്ദാനം ചെയ്തു കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്ന കേസിൽ ഇരകളായ 2 പേർ നൽകിയ പരാതിയിൽ അന്വേഷണം മരവിപ്പിക്കാൻ ‘പൊലീസ് ഏജന്റ്’ എന്നു പരിചയപ്പെടുത്തിയ ഇടനിലക്കാരൻ വാങ്ങിയതു 10 ലക്ഷം രൂപ. വിശ്വാസവഞ്ചന, ചതി, ആക്രമിച്ചു മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എറണാകുളം സെൻട്രൽ പൊലീസും കടവന്ത്ര പൊലീസും 2 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസുകളിൽ അന്വേഷണം മരവിപ്പിക്കാനാണു കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന കൊച്ചി സിറ്റി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ ‘ഏജന്റ്’ എന്നു പരിചയപ്പെടുത്തിയ ഇടനിലക്കാരൻ ആരോപണ വിധേയരുടെ പക്കൽ നിന്നു 10 ലക്ഷം രൂപ വാങ്ങിയത്.  2019 ഓഗസ്റ്റിൽ റജിസ്റ്റർ ചെയ്ത ഈ കേസുകളിൽ അന്വേഷണം നിലച്ചതോടെ തട്ടിപ്പിൽ 3 കോടി രൂപ നഷ്ടപ്പെട്ട ചാലക്കുടി സ്വദേശി മിഥുൻ ഇട്ടുപ്പ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു നേരിട്ടു നൽകിയ പരാതിയിൽ ഇപ്പോൾ കേസന്വേഷണം പുനഃരാരംഭിച്ചിട്ടുണ്ട്.

തട്ടിപ്പു കേസിലെ ആരോപണവിധേയരുടെ ഫോണുകളിൽ ‘ഫ്രോഡ് ഷാജി’യെന്ന പേരിലാണു ഇടനിലക്കാരന്റെ ഫോൺ നമ്പർ ചേർത്തിട്ടുള്ളത്. സംസ്ഥാന പൊലീസിലെ മുതിർന്ന 3 ഐജിമാരുമായി  അടുപ്പമുണ്ടെന്നാണ് ഇയാളുടെ അവകാശവാദം. വിദേശമദ്യ ഇറക്കുമതി സ്ഥാപനമായ എം ആൻഡ് ബി അസോഷ്യേറ്റ് ബെൽജീയത്തിൽ നിന്ന് ഇറക്കുമതി ചെയ്തു ബെംഗളൂരുവിലെ കസ്റ്റംസ് ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ള വിദേശ മദ്യ സ്റ്റോക്കിന്റെ ചിത്രങ്ങൾ കാണിച്ചാണു തട്ടിപ്പു നടത്തിയത്.

5 കോടി രൂപ വിലമതിക്കുന്ന വിദേശ മദ്യം പുറത്തിറക്കി പൊതുവിപണിയിൽ വിൽക്കാൻ 7.80 കോടി രൂപ തീരുവ അടയ്ക്കണം. അതിനുള്ള പണംവിദേശ മദ്യം ഇറക്കുമതി ചെയ്ത എം ആൻഡ് ബി അസോഷ്യേറ്റ്സിന്റെ പക്കലില്ലെന്നും മദ്യം പുറത്തിറക്കി ചില്ലറ വിൽപന ശാലകളിൽ വിൽക്കുമ്പോൾ 24 കോടി രൂപ ലഭിക്കുമെന്നുമായിരുന്നു തട്ടിപ്പുകാരുടെ വാദം.

ഈ  ലാഭത്തിൽ നിന്ന്  തീരുവ അടയ്ക്കാൻ പണം നൽകുന്നവർക്ക് 60 ദിവസത്തിനുള്ളിൽ ഇരട്ടി പണം നൽകുമെന്നായിരുന്നു വാഗ്ദാനം. ഏകദേശം 50 കോടി രൂപയോളം ഇങ്ങനെ പിരിച്ചെടുത്തതായാണ് ആരോപണം. എം ആൻഡ് ബി അസോഷ്യേറ്റ്സിന്റെ ഇറക്കുമതി ലൈസൻസും കേരള ബവ്റിജസ് കോർപറേഷനുമായുള്ള വിൽപന ഉടമ്പടിയും യഥാർഥമാണെന്നു കണ്ടാണ് ബാങ്ക് വായ്പയെടുത്തുപോലും പലരും പണം നൽകിയത്.

കൊച്ചി സിറ്റി പൊലീസിന്റെ ‘ഏജന്റ്’ , ഷാഡോ പൊലീസിന്റെ ‘ഇൻഫോമർ’ എന്നീ നിലകളിൽ സ്വയം പരിചയപ്പെടുത്തി കേസുകൾ ഒതുക്കാൻ വൻ പണപ്പിരിവു നടക്കുന്നതായി കേരളാ പൊലീസിന്റെ സ്പെഷൽ ബ്രാഞ്ച് വിഭാഗം ഒരു വർഷം മുൻപു രഹസ്യ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ തുടരന്വേഷണം നടന്നില്ല.

Related post