മൂന്നു വർഷം മുൻപു സർവീസിനിറക്കിയ ഫെറിബോട്ട് കെട്ടിക്കിടന്നു നശിക്കുന്നു

മൂന്നു വർഷം മുൻപു സർവീസിനിറക്കിയ ഫെറിബോട്ട് കെട്ടിക്കിടന്നു നശിക്കുന്നു

ഫോർട്ട്കൊച്ചി– വൈപ്പിൻ റൂട്ടിൽ 3 വർഷം മുൻപു സർവീസിനിറക്കിയ ഫെറിബോട്ട് കെട്ടിക്കിടന്നു നശിക്കുന്നു. കൊച്ചി കോർപറേഷൻ 2 കോടി രൂപ ചെലവിൽ നിർമിച്ച് 2017 ഡിസംബർ 6ന് ഉദ്ഘാടനം ചെയ്ത ഫോർട്ട് ക്യൂൻ ബോട്ടാണ്  അധികൃതരുടെ അനാസ്ഥയെ തുടർന്നു വൈപ്പിൻ ജെട്ടിയിൽ മാസങ്ങളായി വെറുതെ കിടക്കുന്നത്. 2 റോ റോയും തകരാറിലായി സർവീസ് നിർത്തിയ സാഹചര്യത്തിൽ ബോട്ട് ഓടിക്കാൻ ശ്രമിച്ചെങ്കിലും എൻജിൻ പ്രവർത്തിക്കാതിരുന്നതിനാൽ സർവീസിനിറക്കാനായില്ല. റോ റോ യ്ക്കു വഴിയൊരുക്കാൻ ജങ്കാർ സർവീസ് നിർത്തിയതോടെ സർവീസിനിറക്കിയ പാപ്പി ബോട്ടിന്റെ സേവനം അവസാനിപ്പിക്കുന്നതിനാണു  പുതിയ ബോട്ട് നിർമിച്ചത്. 

 2 റോറോ സർവീസ് നടത്തിയാൽ ബോട്ട് ആവശ്യമില്ലാതാകുമെന്നു വൈപ്പിൻ ജനകീയ കൂട്ടായ്മ അന്നു ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അധികൃതർ അംഗീകരിച്ചില്ല. റോറോ രണ്ടും സർവീസിനിറക്കും വരെ പാപ്പിയെ നിലനിർത്തണമെന്നും അതുവഴി ബോട്ടിനായി ചെലഴിക്കുന്ന വൻതുക ലാഭിക്കാനാകുമെന്നും കൂട്ടായ്മ പറഞ്ഞിരുന്നു. ഒരു റോറോ മാത്രം സർവീസിനിറക്കിയ അവസരത്തിൽ ബോട്ട് സർവീസ് തുടർന്നെങ്കിലും 2 റോറോയും ഓടാൻ തുടങ്ങിയതോടെ ബോട്ട് മാറ്റിയിടാൻ നിർബന്ധിതമായി. റോറോ അറ്റകുറ്റപ്പണിക്കായി മാറ്റുമ്പോൾ നട്ടംതിരിയുന്ന  യാത്രക്കാർക്കായി ബോട്ട് ഓടിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. 2 റോ റോ തുടർച്ചയായി സർവീസ് നടത്താൻ  മൂന്നാമത് ഒരു റോറോ കൂടി വേണമെന്ന ആവശ്യവും ദീർഘനാളായി ഉയരുന്നു. ഇതിന്റെ ആവശ്യം അനിവാര്യമാക്കും വിധം കഴിഞ്ഞ ദിവസങ്ങളിൽ 2 റോറോയും തകരാറിലായി. 

Related post