ആഹ്ലാദത്തിമിർപ്പിൽ പുതുവർഷത്തിന്‌ വരവേല്പ്

ആഹ്ലാദത്തിമിർപ്പിൽ പുതുവർഷത്തിന്‌ വരവേല്പ്

ഫോർട്ടുകൊച്ചി പരേഡ് മൈതാനത്ത് തലയുയർത്തി നിന്ന പപ്പാഞ്ഞി പതിനായിരങ്ങൾ സാക്ഷിനിൽക്കേ എരിഞ്ഞമർന്നു… പുതുവർഷത്തിലേക്ക് കടന്ന രാത്രിയിൽ ഫോർട്ടുകൊച്ചി അക്ഷരാർഥത്തിൽ ഇളകിമറിഞ്ഞു. പോയ ആണ്ടിന് വിടനൽകുന്ന പപ്പാഞ്ഞി കത്തിക്കൽ ചടങ്ങിന് സാക്ഷികളാകാൻ ഒട്ടേറെ വിദേശ സഞ്ചാരികളും ഫോർട്ടുകൊച്ചിയിലെത്തിയിരുന്നു.

റോഡുകളിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ആളുകളുടെ ഒഴുക്കിന് കുറവുണ്ടായില്ല. ശോഷിച്ചുപോയ കടപ്പുറത്ത് ചൊവ്വാഴ്ച വൈകീട്ടുതന്നെ തിരക്കായിരുന്നു. റോഡുകളിലെല്ലാം പപ്പാഞ്ഞിയെ സ്ഥാപിച്ച് ജനം ആഘോഷതിമിർപ്പിലായിരുന്നു. എവിടെയും പാട്ടും നൃത്തവുമായി ജനക്കൂട്ടം. എല്ലാ വഴികളിലൂടെയും ജനം ഒഴുകിയെത്തിയതോടെ ഫോർട്ടുകൊച്ചിയിൽ നിന്നുതിരിയാൻ ഇടമില്ലാതായി. കൂറ്റൻ പപ്പാഞ്ഞിയെ സ്ഥാപിച്ചിരുന്ന പരേഡ് മൈതാനത്ത് വൈകീട്ട് മുതൽ തന്നെ ജനം നിറഞ്ഞിരുന്നു. വിവിധ ദേശങ്ങളിൽ നിന്ന് ചെറുപ്പക്കാരുടെ ഒഴുക്കായിരുന്നു.

ഫോർട്ടുകൊച്ചിയിലെ പുതുവർഷാഘോഷങ്ങൾ ഇന്ന് വൈകീട്ട് നടക്കുന്ന ഘോഷയാത്രയോടെ സമാപിക്കും. വൈകീട്ട് മൂന്നിന് ഫോർട്ടുകൊച്ചി വെളിയിൽ നിന്നാണ് ‘ഘോഷയാത്ര’ ആരംഭിക്കുന്നത്.

Related post