റോ-റോ ജങ്കാർ വീണ്ടും നിയന്ത്രണം വിട്ടൊഴുകി

റോ-റോ ജങ്കാർ വീണ്ടും നിയന്ത്രണം വിട്ടൊഴുകി

തിങ്കളാഴ്ച രാവിലെ ഒമ്പതോടെ നിറയെ യാത്രക്കാരുമായി വൈപ്പിനിൽ നിന്ന് ഫോർട്ടുകൊച്ചിയിലേക്ക് പുറപ്പെട്ട റോ-റോ ജങ്കാർ നിയന്ത്രണം വിട്ട് കായലിലൂടെ ഒഴുകി നീങ്ങി. ക്ലച്ച് തകരാറിനെ തുടർന്നാണ് ജങ്കാർ നിയന്ത്രണം വിട്ടത്. ഒടുവിൽ രണ്ടാമത്തെ ജങ്കാറെത്തി ഇതിനെ ഫോർട്ടുകൊച്ചി ജെട്ടിയിൽ എത്തിക്കുകയായിരുന്നു.

ഒരു എൻജിന്റെ പ്രവർത്തനമാണ് നിലച്ചത്. എന്നാൽ ഒറ്റ എൻജിനിൽ ജങ്കാർ നിയന്ത്രിക്കാനാവില്ല. നിരവധി വാഹനങ്ങളും നിറയെ യാത്രക്കാരുമായി രാവിലെ ഒരു മണിക്കൂറോളം ജങ്കാർ കായലിൽ ഒഴുകി നടന്നു. പരിഭ്രാന്തരായ യാത്രക്കാർ നിലവിളിയായി.

ജങ്കാർ നിയന്ത്രണം വിട്ട് കായലിലൂടെ ഒഴുകുന്നത് ഇപ്പോൾ പതിവ് സംഭവമായി മാറുകയാണ്. എൻജിൻ തകരാറാണ് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഓട്ടത്തിനിടയിലാണ് തകരാറുകൾ കണ്ടെത്തുന്നത്. എപ്പോൾ വേണമെങ്കിലും തകരാറുണ്ടാകാം എന്ന സ്ഥിതിയാണിപ്പോൾ. കേരളത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ പാതയാണിത്. അഴിമുഖമായതിനാൽ അടിയൊഴുക്ക് ശക്തമായിരിക്കും. കപ്പൽ കടന്നുപോകുന്ന പാതയാണ്. പോരാത്തതിന് മത്സ്യബന്ധന യാനങ്ങളുടെ പാതയും. വലിയ തിരക്കുള്ള അഴിമുഖം മുറിച്ചാണ് ജങ്കാർ കടന്നുപോകുന്നത്. അതിനിടയിൽ നിയന്ത്രണം നഷ്ടമായാൽ എന്തും സംഭവിക്കാം.

ബോട്ടുകൾ വേഗത്തിൽ വരുന്നത് എപ്പോഴും പ്രശ്നമാകുന്നുണ്ട്. ഇടയ്ക്കിടെ ഡ്രഡ്ജറുകൾ ഇതുവഴി കടന്നുപോകും. ഇതിനിടയിൽ ജങ്കാറിന് നിയന്ത്രണം നഷ്ടപ്പെട്ടാൽ വൻ ദുരന്തമായേക്കാം.

ജങ്കാറിന്റെ അറ്റകുറ്റപ്പണി യഥാസമയത്ത് പൂർത്തിയാക്കുകയാണ് പ്രശ്‌ന പരിഹാരത്തിനുള്ള പ്രധാന വഴി. ഇത് ഇപ്പോൾ നടക്കുന്നില്ല. ജങ്കാറുകൾ കൊച്ചി നഗരസഭയുടേതാണ്. അത് നിർമിച്ചത് കൊച്ചി കപ്പൽശാലയും. നടത്തിപ്പ് ചുമതല കെ.എസ്.ഐ.എൻ.സി.ക്കാണ്. ഇതിന്റെ അറ്റകുറ്റപ്പണി ആര് ചെയ്യുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. കെ.എസ്.ഐ.എൻ.സി.യുമായി ഇതുസംബന്ധിച്ച് കരാറൊന്നുമില്ല. കരാറുണ്ടാക്കുന്ന കാര്യം ആവർത്തിച്ച് പറയുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ല. അപകടം സംഭവിച്ചാൽ തന്നെ ഉത്തരവാദിത്വം ആർക്കാണെന്നും വ്യക്തമല്ല.

Related post