നഗരസഭ ഏറ്റെടുത്ത കെട്ടിടത്തിലെ കടയ്ക്ക് തീപിടിച്ചു

നഗരസഭ ഏറ്റെടുത്ത കെട്ടിടത്തിലെ കടയ്ക്ക് തീപിടിച്ചു

കൊച്ചി നഗരസഭ ഏറ്റെടുത്ത് പൂട്ടി സീൽ ചെയ്ത കെട്ടിടത്തിലെ ഫർണിച്ചർ കടയ്ക്ക് തീപിടിച്ച് ഫർണിച്ചർ കത്തിനശിച്ചു. ഫോർട്ടുകൊച്ചിയിലെ ലോറൻസ് ഏജൻസീസ് എന്ന കടയാണ് നശിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഫോർട്ടുകൊച്ചി കോക്കേഴ്‌സ് തിയേറ്ററിനോട് ചേർന്ന കടയാണിത്. കോർപ്പറേഷന്റെ ഭൂമിയിലുണ്ടായിരുന്ന തിയേറ്റർ മൂന്നുവർഷം മുമ്പ് മേയറുടെ നേതൃത്വത്തിൽ പൂട്ടിച്ചിരുന്നു. ആ സമയത്തുതന്നെ ഫർണിച്ചർ കട പ്രവർത്തിച്ചിരുന്ന കെട്ടിടവും പൂട്ടി സീൽചെയ്തു. കട കുറച്ചുകാലമായി അടഞ്ഞുകിടക്കുകയാണ്.

കടയിലുള്ള ഫർണിച്ചർ തിരിച്ചുനൽകണമെന്ന് കടയുടമ ആവശ്യപ്പെട്ടുവെങ്കിലും അത് പിന്നീട് നൽകാമെന്നാണ് നഗരസഭാ അധികൃതർ പറഞ്ഞത്. മൂന്നുവർഷം ഓഫീസ് കയറിയിറങ്ങിയെങ്കിലും ഫർണിച്ചർ എടുക്കാൻ അനുമതി നൽകിയില്ലെന്ന് കടയുടമ പറയുന്നു. മര ഉരുപ്പടികൾ, പ്ലാസ്റ്റിക് കസേരകൾ, ബെഡ്ഡുകൾ, സ്റ്റീൽ ഫർണിച്ചർ തുടങ്ങിയവ കത്തിനശിച്ചു.

ഈ കടയിലേക്ക് വൈദ്യുതി നൽകിയിരുന്നില്ല. കുറച്ചുകാലമായി ഇവിടെ സാമൂഹികവിരുദ്ധരുടെ ശല്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. തിയേറ്റർ നടത്തിയിരുന്ന കരാറുകാരിൽനിന്ന് ഉപകരാറായി എടുത്ത കടയിലാണ് ഫർണിച്ചർ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കെട്ടിടം നഗരസഭ ഏറ്റെടുത്തപ്പോൾ, അതിനകത്തുണ്ടായിരുന്ന സാമഗ്രികൾ തിരിച്ചുനൽകിയിരുന്നെങ്കിൽ ഇത്ര വലിയ നഷ്ടമുണ്ടാകുമായിരുന്നില്ലെന്ന് കടയുടമ പറഞ്ഞു.

അഞ്ച് ഫയർസ്റ്റേഷനുകളിൽ നിന്നായി എത്തിയ ഏഴ് ഫയർ യൂണിറ്റുകളാണ് തീ അണയ്ക്കുന്നതിനായി പ്രവർത്തിച്ചത്. ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോജിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Related post