സ്വർണവില ലോക്ഡൗണിലും ഉയർന്നു തന്നെ

സ്വർണവില ലോക്ഡൗണിലും ഉയർന്നു തന്നെ

പവന് 34000 രൂപയിലേക്ക് ഉയർന്ന് സംസ്ഥാനത്തു സ്വർണവില. ഗ്രാമിന് 4250 രൂപയാണു വില. കൊറോണ വൈറസ് ബാധയെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടാകുന്ന അനിശ്ചിതത്വമാണ് സ്വർണവില കുതിക്കാൻ കാരണമാകുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1730 ഡോളർ നിലവാരത്തിലേക്കു വില ഉയർന്നതോടെയാണ് കേരളത്തിൽ വില റെക്കോർഡിലെത്തിയത്. ഓഹരി വിപണികളിലെ തകർച്ചയും ക്രൂഡ് ഓയിൽ വിലയിടിവുമെല്ലാം സ്വർണനിക്ഷേപത്തിലേക്കു മാറാൻ രാജ്യാന്തര നിക്ഷേപകരെ പ്രേരിപ്പിക്കുകയാണ്. 

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണവിലയെ ബാധിക്കുന്നുണ്ട്. നിലവിൽ ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് ജ്വല്ലറികൾ പ്രവർത്തിക്കുന്നില്ല. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ആഭരണങ്ങൾ നൽകേണ്ടതിനാലാണു ദിവസവും വില നിശ്ചയിക്കുന്നത്. അതേസമയം രാജ്യത്തിന്റെ സ്വർണ ഇറക്കുമതി കഴിഞ്ഞ വർഷത്തെക്കാൾ 73 ശതമാനം ഇടിഞ്ഞു.

ജനുവരി 1ന് 29,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. നാലു മാസത്തിനുള്ളിൽ ഇതുവരെയുണ്ടായത് 5000 രൂപ. ഈ മാസം ആദ്യം പവന് 31600 രൂപയായിരുന്നു വില. ഈ മാസം മാത്രം 2400 രൂപ കൂടി. കൊറോണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സ്വർണവില വരും ദിവസങ്ങളിലും ഉയരാനാണു സാധ്യത.

Related post