കൊച്ചി നഗരത്തിൽ കനത്തമഴ, കടകളിൽ വെള്ളം കയറി; വ്യാപക നാശനഷ്ടം

കൊച്ചി നഗരത്തിൽ കനത്തമഴ, കടകളിൽ വെള്ളം കയറി; വ്യാപക നാശനഷ്ടം

ജില്ലയിൽ തകർത്തുപെയ്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണു പലയിടത്തും ഗതാഗതതടസ്സവും വൈദ്യുതി തടസ്സവുമുണ്ടായി. രാത്രി വൈകിയും പലയിടത്തും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. വൈകിട്ട് 5 മണിയോടെയാണു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടങ്ങിയത്. ഒപ്പം മിന്നലും കനത്ത കാറ്റുമുണ്ടായി. ഒരു മണിക്കൂറോളം കനത്ത മഴ ലഭിച്ചതോടെ കൊച്ചി നഗരത്തിൽ എംജി റോഡിലും പരിസരത്തും വെള്ളക്കെട്ടുണ്ടായി. കർഷക റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. ഇത് അഗ്നിരക്ഷാ സേനയെത്തി മുറിച്ചു നീക്കി.

മേൽപാലം പണി നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള കോൺക്രീറ്റ് അവശിഷ്ടങ്ങൾ നിറഞ്ഞു സമീപത്തെ കാനകളിലെ നീരൊഴുക്കു തടസ്സപ്പെട്ടതിനെ തുടർന്നു വൈറ്റിലയിലും പരിസരത്തും വെള്ളക്കെട്ടുണ്ടായി. ഇവിടെ പല കടകളിലും വെള്ളം  കയറി. വൈറ്റില സബ്സ്റ്റേഷനു കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. പലയിടത്തും മരങ്ങൾ വീണു വൈദ്യുതി കമ്പികൾ പൊട്ടിവീണതാണു കാരണം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡിലെ മീഡിയനുകളിൽ സ്ഥാപിച്ചിരുന്ന പരസ്യബോർഡുകളും മറ്റും കാറ്റിൽ പറന്നു വീണും നാശനഷ്ടമുണ്ടായി.

പശ്ചിമകൊച്ചിയിൽ മരക്കൊമ്പുകൾ വ്യാപകമായി ഒടിഞ്ഞു വീഴുകയും മരങ്ങൾ കടപുഴകുകയും ചെയ്തതിനെത്തുടർന്ന് വിവിധ റോഡുകളിൽ ഗതാഗത തടസ്സമുണ്ടായി. തോപ്പുംപടി പാലത്തിനു സമീപം വൻമരം റോഡിലേക്കു മറിഞ്ഞുവീണു. ഇത് അഗ്നിശമനസേനാംഗങ്ങളെത്തി മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇവിടെയും പരക്കെ വൈദ്യുതി തടസ്സമുണ്ടായി. തൃപ്പൂണിത്തുറ, എരൂർ മേഖലകളിലായി 8 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. ഒട്ടേറെ മരങ്ങളും കടപുഴകി. മേഖലയിൽ എല്ലായിടത്തും വൈദ്യുതി വിതരണം മുടങ്ങി.   

Related post