നിലവാരം കുറഞ്ഞ ഹെൽമറ്റുകളുമായി വഴിയോര കച്ചവടക്കാർ

നിലവാരം കുറഞ്ഞ ഹെൽമറ്റുകളുമായി വഴിയോര കച്ചവടക്കാർ

ഇരുചക്ര വാഹന യാത്രികരെ ആകർഷിക്കാൻ ഇതര സംസഥാനങ്ങളിൽനിന്നുള്ള നിലവാരം കുറഞ്ഞ ഹെൽമറ്റുകളുമായി വഴിയോര കച്ചവടക്കാർ. ഐഎസ്ഐ അംഗീകൃത ഹെൽമറ്റിന്റെ മൂന്നിലൊന്നു വിലയ്ക്കാണ് ഇവയുടെ വിൽപന. വില പേശിയാൽ വീണ്ടും കുറയുമെന്നതിനാൽ വൻ കച്ചവടമാണു നടക്കുന്നത്. ഇരുചക്ര വാഹനക്കാർക്ക്  ഒരു സുരക്ഷയും നൽകാത്ത ഈ ഹെൽമറ്റുകൾ വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. വഴിയോര ഹെൽമറ്റ് വ്യാപാരികളുടെ വിവരങ്ങൾ ശേഖരിച്ചു ലീഗൽ മെട്രോളജി വകുപ്പിനു കൈമാറാനാണു തീരുമാനം.

കഴിഞ്ഞ ദിവസങ്ങളിൽ വഴിയോരത്തു കണ്ട ഹെൽമറ്റ് വിൽപനക്കാരെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ താക്കീതു ചെയ്തിരുന്നു. കണ്ടെത്തിയ വഴിവാണിഭക്കാർക്കെല്ലാം ഗുജറാത്തിൽ നിന്നുള്ള ഹോൾസെയിൽ വ്യാപാരികളാണ് ഏജന്റുമാർ വഴി ഹെൽമറ്റ് എത്തിക്കുന്നതെന്നു വ്യക്തമായിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കുകൂടി ഹെൽമറ്റ് നിർബന്ധമാക്കിയതോടെയാണു വില കുറഞ്ഞ ഹെൽമറ്റിനു ഡിമാൻഡ് കൂടിയത്. റോഡിൽ പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും ഹെൽമറ്റ് പരിശോധന ശക്തമായതും വഴിയോര ഹെൽമറ്റ് വ്യാപാരികൾ മുതലാക്കുന്നു.

ഉദ്യോഗസ്ഥരെ കബളിപ്പിക്കാമെന്നല്ലാതെ ഇരുചക്ര വാഹന യാത്രികരുടെ തലയ്ക്ക് ഇത്തരം ഹെൽമറ്റ് കൊണ്ടു പ്രയോജനമില്ല. ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയിലാണു ഹെൽമറ്റ് വ്യാപാരികളെന്നതിനാൽ മോട്ടർ വാഹന വകുപ്പിനു നേരിട്ടു നടപടിയെടുക്കാനാകില്ല. ഇതുമൂലമാണു ലീഗൽ മെട്രോളജി വകുപ്പിന്റെ സഹായം തേടുന്നത്. ഹെൽമറ്റ് ഉൾപ്പെടെ വാഹനങ്ങളുമായി ബന്ധപ്പെട്ട നിലവാരം കുറഞ്ഞതും അനധികൃതവുമായ സാമഗ്രികൾ വിൽക്കുന്നതിനെതിരെ നേരത്തെ ലീഗൽ മെട്രോളജി വകുപ്പിനു മോട്ടർ വാഹന വകുപ്പ് വിവരം നൽകിയിരുന്നു.

Related post