കൊച്ചി നഗരസഭയിൽ 93  അനധികൃത കെട്ടിടങ്ങൾ

കൊച്ചി നഗരസഭയിൽ 93 അനധികൃത കെട്ടിടങ്ങൾ

തീര പരിപാലന നിയമം ലംഘിച്ചു നിർമിച്ച വലിയ കെട്ടിടങ്ങളുടെ എണ്ണത്തിൽ കൊച്ചി കോർപറേഷനും മരട് നഗരസഭയും മുന്നിൽ. കൊച്ചി നഗരസഭയിൽ 93 അനധികൃത കെട്ടിടങ്ങളുണ്ടെന്ന് വെബ്സൈറ്റിൽ പറയുന്നു.മരട് മുനിസിപ്പാലിറ്റിയിൽ 41 കെട്ടിടങ്ങളുണ്ട്, പക്ഷേ രണ്ടിടത്തും കെട്ടിടങ്ങളുടെ പട്ടിക നൽകിയിട്ടില്ല. 

മരട് മുനിസിപ്പാലിറ്റിയിലെ 4 വൻകിട ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള കർശന ഉത്തരവിനു പിന്നാലെ സംസ്ഥാനത്തെ തീരപരിപാലന ലംഘനത്തിന്റെ മുഴുവൻ കണക്കും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയാറാക്കിയ പട്ടിക സമാഹരിച്ച് ജില്ലാ ലിസ്റ്റ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു.

ജില്ലയിലാകെ 4,239 അനധികൃത നിർമാണങ്ങളുണ്ട്. സാറ്റലൈറ്റ് മാപ്പിങ് വഴിയും ഫീൽഡ് സർവേ വഴിയും കണ്ടെത്തിയവയാണിത്. ഇതിൽ ചില കെട്ടിടങ്ങൾക്കു തീരപരിപാലന മാനേജ്മെന്റ് അതോറിറ്റിയുടേയോ കോടതിയുടേയോ അനുമതികൾ ലഭിച്ചിട്ടുണ്ട്. ബാക്കിയെല്ലാം നിയമവിരുദ്ധ നിർമാണങ്ങൾ തന്നെ.

അനധികൃത കെട്ടിടങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ പഞ്ചായത്തുകളാണു മുന്നിൽ. എന്നാൽ ഇതിൽ 99 ശതമാനവും പാർപ്പിടാവശ്യത്തിനുള്ള 1,000 ചതുരശ്ര അടി വിസ്തൃതിക്കു താഴെയുള്ള കെട്ടിടങ്ങളാണ്. എന്നാൽ കൊച്ചി നഗരസഭയിലും മരടു മുനിസിപ്പാലിറ്റിയിലും അനധികൃത നിർമാണങ്ങളിൽ ഏറെയും വൻകിട ഫ്ലാറ്റ് സമുച്ചയങ്ങളാണത്രേ.

ജില്ലയിൽ 32 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തീര പരിപാലന നിയമം ബാധകമാണ്. അനധികൃത കെട്ടിടങ്ങൾ കണ്ടെത്തി നോട്ടിസ് നൽകാൻ ഫോർട്ട് കൊച്ചി സബ് കലക്ടർ ചെയർമാനായി കമ്മിറ്റി രൂപീകരിച്ചു. നോട്ടിസ് ലഭിക്കുന്ന മുറയ്ക്കു കെട്ടിട ഉടമകൾ അനുമതി പത്രങ്ങൾ ഹാജരാക്കണം.

പഞ്ചായത്തുകളിലെ അനധികൃത നിർമാണങ്ങളുടെ ലിസ്റ്റ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. സ്വന്തം കെട്ടിടം അധികൃതമാണെന്നു തെളിയിക്കാൻ രേഖകൾ ഹാജരാക്കാൻ ചൊവ്വാഴ്ച വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിനാൽ ഈ സമയം നീട്ടിക്കൊടുക്കാൻ സാധ്യതയുണ്ട്.

Related post