ഇൻഡോറിൽ ഇന്ത്യയ്ക്ക് അനായാസ ജയം, പരമ്പരയിൽ മുന്നിൽ

ഇൻഡോറിൽ ഇന്ത്യയ്ക്ക് അനായാസ ജയം, പരമ്പരയിൽ മുന്നിൽ

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ അനായാസ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 142 റൺസ്. അർധസെഞ്ചുറി കൂട്ടുകെട്ടുമായി ഓപ്പണർമാരായ ലോകേഷ് രാഹുലും ശിഖർ ധവാനും സമ്മാനിച്ച മികച്ച തുടക്കം മറ്റൊരു അർധസെഞ്ചുറി കൂട്ടുകെട്ടിലൂടെ വിരാട് കോലി – ശ്രേയസ് അയ്യർ സഖ്യം ഏറ്റെടുത്തതോടെ ഇന്ത്യ അനായാസം വിജയത്തിലെത്തി. 15 പന്തു ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയം തൊട്ടത്. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി ബോളിങ്ങിലും രണ്ടു ക്യാച്ചുമായി ഫീൽഡിങ്ങിലും തിളങ്ങിയ നവ്ദീപ് സെയ്നിയാണ് കളിയിലെ കേമൻ. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ഒന്നാം ട്വന്റി20 മഴമൂലം ഉപേക്ഷിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം വെള്ളിയാഴ്ച പുണെയിൽ നടക്കും

രണ്ട് അർധസെഞ്ചുറി കൂട്ടുകെട്ടുകളാണ് ലങ്കയ്‌ക്കെതിരെ ഇന്ത്യൻ വിജയം അനായാസമാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ രാഹുൽ – ധവാൻ സഖ്യം 55 പന്തിൽ 71 റൺസും മൂന്നാം വിക്കറ്റിൽ വിരാട് കോലി – ശ്രേയസ് അയ്യർ സഖ്യം 35 പന്തിൽ 51 റൺസും കൂട്ടിച്ചേർത്തു. യാതൊരു സമ്മർദ്ദവുമില്ലാതെ തുടക്കം മുതൽ കളിച്ച ഇന്ത്യ ഏറെക്കുറെ ‘ദാനം ചെയ്ത’ പോലെയാണ് മൂന്നു വിക്കറ്റുകൾ നഷ്ടമാക്കിയത്. 32 പന്തിൽ ആറു ഫോറുകൾ സഹിതം 45 റൺസെടുത്ത ലോകേഷ് രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശിഖർ ധവാൻ (29 പന്തിൽ 32), ശ്രേയസ് അയ്യർ (26 പന്തിൽ 34) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ക്യാപ്റ്റൻ വിരാട് കോലി (17 പന്തിൽ 30), ഋഷഭ് പന്ത് (ഒന്ന്) എന്നിവർ ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ലഹിരു കുമാരയെ സിക്സറിനു പറത്തിയാണ് കോലി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ശ്രീലങ്കയ്ക്കായി വാനിന്ദു ഹസരംഗ രണ്ടും ലഹിരു കുമാര ഒരു വിക്കറ്റും വീഴ്ത്തി.

143 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ ലോകേഷ് രാഹുലും ശിഖർ ധവാനും ചേർന്ന് മിന്നുന്ന തുടക്കമാണ് സമ്മാനിച്ചത്. രോഹിത് ശർമയുടെ അഭാവം ഒട്ടുമേ അറിയിക്കാതെ ഇന്നിങ്സ് കെട്ടിപ്പടുത്ത ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്തു. കൂട്ടത്തിൽ കൂടുതൽ ആക്രമണോത്സുകത കാട്ടിയ രാഹുലാണ് ആദ്യം പുറത്തായത്. 32 പന്തിൽ ആറു ഫോറുകൾ സഹിതം 45 റൺസെടുത്ത രാഹുലിന് അമിതാവേശമാണ് വിനയായത്. വാനിന്ദു ഹസരംഗയുടെ പന്ത് അതിർത്തി കടത്താനായി ക്രീസ് വിട്ടിറങ്ങിയ രാഹുൽ ക്ലീൻ ബൗൾഡായി. ധവാനൊപ്പം 55 പന്ത് ക്രീസിൽനിന്ന രാഹുൽ, ഓപ്പണിങ് വിക്കറ്റിൽ 71 റൺസും കൂട്ടിച്ചേർത്തു. സ്കോർ 86ൽ എത്തിയപ്പോൾ ധവാനും മടങ്ങി. ഹസരംഗയുടെ തന്നെ പന്തിൽ എൽബിയിൽ കുരുങ്ങി പുറത്താകുമ്പോൾ ധവാന്റെ സമ്പാദ്യം 29 പന്തിൽ രണ്ടു ഫോറുകൾ സഹിതം 32 റൺസ്.

മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യർ – വിരാട് കോലി സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടു കണ്ടെത്തിയതോടെ ഇന്ത്യ അനായാസം വിജയത്തോട് അടുത്തു. എന്നാൽ, ലഹിരു കുമാരയെറിഞ്ഞ 18–ാം ഓവറിൽ അയ്യർ അനാവശ്യമായി വിക്കറ്റ് തുലച്ചു. 26 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 34 റണ്‍സുമായി അയ്യർ മടങ്ങി. ഇതേ ഓവറിൽ ഋഷഭ് പന്തിനെ സാക്ഷിനിർത്തി ഉജ്വലമായൊരു സിക്സിലൂടെ കോലി വിജയം കുറിക്കുകയും ചെയ്തു.

Related post