മൂന്നാം ഏകദിനത്തിൽ വിജയം ഇന്ത്യയ്ക്കൊപ്പം

മൂന്നാം ഏകദിനത്തിൽ വിജയം ഇന്ത്യയ്ക്കൊപ്പം

കട്ടക്ക് ∙ ഒരു ‘ഫൈനൽ’ പോരാട്ടത്തിന്റെ സകല സമ്മർദ്ദവും കൈമാറി കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിൽ ഇന്ത്യയും വെസ്റ്റിൻഡീസും ‘കട്ടയ്ക്കു പൊരുതിയ മൂന്നാം ഏകദിനത്തിൽ ഒടുവിൽ വിജയം ഇന്ത്യയ്ക്കൊപ്പം. വെസ്റ്റിൻഡീസ് ഉയർത്തിയ 316 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എട്ടു പന്തുകൾ ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. തകർപ്പൻ അർധസെഞ്ചുറിയുമായി പൊരുതിയ ക്യാപ്റ്റൻ വിരാട് കോലി നിർണായക നിമിഷത്തിൽ പുറത്തായെങ്കിലും മനഃസാന്നിധ്യം കൈവിടാതെ പൊരുതിയ രവീന്ദ്ര ജഡേജ – ഷാർദുൽ താക്കൂർ സഖ്യമാണ് ടീമിന് വിജയം സമ്മാനിച്ചത്. വെറും 16 പന്തിൽനിന്ന് 30 റൺസ് അടിച്ചെടുത്താണ് ഇവർ ഇന്ത്യയെ വിജയപീഠത്തിലേറ്റിയത്. കോലി 85 പന്തിൽ ഒൻപതു ഫോറുകൾ സഹിതം 85 റൺസെടുത്ത് പുറത്തായി. ജഡേജ 30 പന്തിൽ നാലു ഫോറുകൾ സഹിതം 39 റൺസോടെയും താക്കൂർ ആറു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 17 റൺസോടെയും പുറത്താകാതെ നിന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യയ്ക്കു സ്വന്തം.

ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് രോഹിത് ശർമ – ലോകേഷ് രാഹുൽ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. രോഹിത് 63 പന്തിൽ 63 റൺസെടുത്തും രാഹുൽ 89 പന്തിൽ 77 റൺസെടുത്തും പുറത്തായി. ശ്രേയസ് അയ്യർ (ഏഴു പന്തിൽ ഏഴ്), ഋഷഭ് പന്ത് (ആറു പന്തിൽ ഏഴ്), കേദാർ ജാദവ് (10 പന്തിൽ 9) എന്നിവർ കാര്യമായ സംഭാവനകൾ കൂടാതെ പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇതോടെ സമ്മർദ്ദത്തിലേക്കു വഴുതിയെങ്കിലും അവസാന ഓവറുകളിൽ മനഃസാന്നിധ്യം കൈവിടാതെ പൊരുതിയാണ് ഇന്ത്യ വിജയം തൊട്ടത്.

39–ാം ഓവറിൽ കേദാർ ജാദവ് ഒൻപതു റൺസുമായി മടങ്ങുമ്പോൾ അഞ്ചു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയ്ക്കു വിജയത്തിലേക്കു വേണ്ടിയിരുന്നത് 67 പന്തിൽ 88 റൺസ്. ആറാം വിക്കറ്റിൽ തകർപ്പൻ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത വിരാട് കോലി – രവീന്ദ്ര ജഡേജ സഖ്യം ഇന്ത്യയ്ക്ക് ബലമേകി. 44 പന്തിൽനിന്ന് ഇരുവരും കൂട്ടിച്ചേർത്ത 58 റൺസാണ് നിർണായകമായത്. സ്കോർ 286ൽ നിൽക്കെ കോലിയും പുറത്തായെങ്കിലും ജഡേജ–താക്കൂർ സഖ്യം 16 പന്തിൽനിന്ന് 30 റൺസ് കൂട്ടിച്ചേർത്ത് രാജകീയമായിത്തന്നെ ടീമിനെ വിജയത്തിലെത്തിച്ചു. ഷെൽഡൺ കോട്രൽ എറിഞ്ഞ 48–ാം ഓവറിൽ ഒരു സിക്സും ഫോറും സഹിതം താക്കൂറും ജഡേജയും ചേർന്ന് അടിച്ചെടുത്ത 15 റൺസാണ് ഇന്ത്യയുടെ സമ്മർദ്ദമകറ്റിയത്.

Related post