ഐപിഎൽ ആദ്യ മത്സരം ഇന്നു വൈകിട്ട് 7.30ന്

ഐപിഎൽ ആദ്യ മത്സരം ഇന്നു വൈകിട്ട് 7.30ന്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പതിമൂന്നാം പതിപ്പിന് ഇന്ന് യുഎഇയിൽ തുടക്കമാകുകയാണ്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഇത്തവണ ഐപിഎൽ പോരാട്ടങ്ങൾക്ക് തിരശീല ഉയരുന്നത്.

കഴിഞ്ഞ സീസണിന്റെ ഫൈനലിൽ രണ്ടു റൺസ് അകലെ നഷ്ടമായ കിരീടം വീണ്ടെടുക്കാൻ ഇത്തവണ ഒരു വിജയത്തുടക്കമാണ് ചെന്നൈയുടെ ലക്ഷ്യം. കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് മുംബൈയും തുടക്കമിടുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ യുഎഇയിലേക്ക് മാറിയത്.

4 തവണ കപ്പടിച്ച മുംബൈയും 3 തവണ ജേതാക്കളായ ചെന്നൈയും ഏറ്റുമുട്ടുമ്പോൾ ആരവങ്ങളെല്ലാം സ്റ്റേഡിയത്തിനു പുറത്ത്. കോവിഡ് മൂലം കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. 8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 53 ദിവസങ്ങളിലായി ആകെ 60 കളികൾ. അബുദാബിക്കു പുറമേ ദുബായ്, ഷാർജ എന്നിവയും വേദികൾ. 

Related post