ജിയോന്റെ വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകള്‍ അടുത്ത വര്‍ഷം

ജിയോന്റെ വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകള്‍ അടുത്ത വര്‍ഷം

ചൈനീസ് കമ്പനികളെ ഇന്ത്യയില്‍ നിന്നു പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നു പറഞ്ഞു കേള്‍ക്കുന്ന, റിലയന്‍സിന്റെ വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകള്‍ അടുത്ത വര്‍ഷം ആദ്യം തന്നെ വിപണിയിലെത്തിയേക്കുമെന്നും അവയുടെ തുടക്ക വില 4,000 രൂപയായിരിക്കുമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ, വിലക്കുറവുള്ള 4ജി, 5ജി ഹാന്‍ഡ്‌സെറ്റുകളായിരിക്കും ഇന്ത്യയ്ക്കായി ജിയോയും ഗൂഗിളും ചേര്‍ന്നു നിര്‍മിക്കുക. തങ്ങള്‍ക്ക് 20 കോടി ഫോണുകള്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇറക്കണമെന്ന ലക്ഷ്യവുമായാണ് റിലയന്‍സ് മുന്നോട്ടു നീങ്ങുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

ഫോണിനൊപ്പം വിലകുറഞ്ഞ ഡേറ്റാ പാക്കുകളും നല്‍കുമെന്നാണ് പറയുന്നത്. പുതിയ ഫോണിന്റെ പേര് റിലയന്‍സ് ഓര്‍ബിക് ആര്‍സി545എല്‍ (Reliance Orbic RC545L) എന്നായിരിക്കാം എന്നു പറയുന്നു. ആന്‍ഡ്രോയിഡ് 10 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. സ്‌നാപ്ഡ്രാഗണ്‍ക്യുഎം215 ആയിരിക്കാം പ്രോസസര്‍. പല ആന്‍ഡ്രോയിഡ് ഗോ ഫോണുകളിലും ഈ പ്രോസസര്‍ കാണാം. ഫോണിന് എച്ഡി പ്ലസ് (720 x 1440) റെസലൂഷനുള്ള സ്‌ക്രീന്‍ ലഭിക്കുമെന്നും പറയുന്നു.

അതേസമയം, റിലയന്‍സ് വിലക്കുറവുള്ള 5ജി ഫോണുകളും നിര്‍മിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ലഭിക്കുന്ന മറ്റൊരു വിവരം. അഞ്ചു വ്യത്യസ്ഥ മോഡലുകള്‍ പ്രതീക്ഷിക്കാമെന്നാണ് പറയുന്നത്. ഓര്‍ബിക് മൈറാ 5ജി, ഓര്‍ബിക് മാജിക് 5ജി, ഓര്‍ബിക് മൗയി എന്നിങ്ങനെയാകാം അവയുടെ പേരുകള്‍. ഇവയും ആന്‍ഡ്രോയിഡ് 10ല്‍ പ്രവര്‍ത്തിക്കുന്നവയാകാം. മൗയി മോഡലിന് 4ജി/5ജി വേരിയന്റുകള്‍ കണ്ടേക്കും. എന്നാല്‍, മറ്റു രണ്ടു മോഡലുകള്‍ക്കും 5ജി മാത്രമേ ഉണ്ടായേക്കൂവെന്നു പറയുന്നു.

Related post