കടമക്കുടി ദ്വീപിൽ ഇനി കെട്ടുകാഴ്ചയുടെ ദിവസങ്ങൾ

കടമക്കുടി ദ്വീപിൽ ഇനി കെട്ടുകാഴ്ചയുടെ ദിവസങ്ങൾ

മനസ്സു കുളിർപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമായി കടമക്കുടി ടൂറിസം ഫെസ്റ്റ് കെട്ടുകാഴ്ച 24-ന് തുടങ്ങും. കാളവണ്ടി സവാരി, കുതിര സവാരി, സൈക്കിൾറിക്ഷ, മുള ചങ്ങാടം, തോണിയാത്ര തുടങ്ങിയവ ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. ആദിവാസി ഊരുകളിൽ നിന്നെത്തിയവർ തയ്യാറാക്കിയ ഏറുമാടങ്ങളും കുടിലുകളുമാണ് ഫെസ്റ്റിന്റെ മറ്റൊരു ആകർഷണീയത.

നാടൻ പുഴമത്സ്യങ്ങളുടെ വിഭവങ്ങൾ വില്പനയ്ക്കുണ്ട്. ചൂണ്ടയിട്ട് മീൻ പിടിക്കാനും പാചകം ചെയ്ത് കഴിക്കാനുമുള്ള സൗകര്യവുമുണ്ട്. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ഒരുക്കുന്ന വനശ്രീ സ്റ്റാൾ, കുട്ടികളുടെ അമ്യൂസ്‌മെന്റുകൾ, വള്ളംകളി, അഖില കേരള തീറ്റമത്സരം, തിരുവാതിര കളി, കരോക്കെ ഗാന മത്സരം, സിനിമാറ്റിക് ഡാൻസ് എന്നിവയും ഫെസ്റ്റിന്റെ ഭാഗമാണ്.

കഥകളി, പരിചമുട്ടുകളി, മാർഗംകളി, ചവിട്ടുനാടകം, വില്ലടിച്ചാൻ പാട്ട്, നാടൻ പാട്ടും ദൃശ്യാവിഷ്കാരവും, തീച്ചാമുണ്ഡി തെയ്യം, മയിലാട്ടം, പമ്പമേളം, ഗാനമേള, ഡി.ജെ. നൈറ്റ് എന്നിവയും ഇതോടനുബന്ധിച്ചുണ്ടാകുമെന്ന് കടമക്കുടി ഫെസ്റ്റിന്റെ ഭാരവാഹികളായ കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു, വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മുഹമ്മദ്, പ്രോഗ്രാം കൺവീനർ കെ.കെ. ശശിനാഥ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിലും കടമക്കുടി-വരാപ്പുഴ പഞ്ചായത്തുകളും ചേർന്നാണ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രവേശനം 10 മുതൽ രാത്രി 10 വരെ.

Related post