വാതിൽ അടയ്ക്കാതെ ഓടിയ ആറ് ബസുകൾക്ക് പിടിവീണു

വാതിൽ അടയ്ക്കാതെ ഓടിയ ആറ് ബസുകൾക്ക് പിടിവീണു

വാതിൽ തുറന്നുവച്ചു സർവീസ് നടത്തിയ 6 ബസുകൾ കലക്ടർ എസ്.സുഹാസ് പിടികൂടി. സിവിൽലൈൻ റോഡിലെ എൻജിഒ ക്വാർട്ടേഴ്സ് ജംക‍്ഷനിലായിരുന്നു കലക്ടറുടെ നേതൃത്വത്തിൽ ബസ് പരിശോധന. കലക്ടർ റോഡിലുണ്ടെന്ന വിവരം ആദ്യം കടന്നു പോയ സ്വകാര്യ ബസുകളിലെ ജീവനക്കാർ മറ്റു ബസുകാർക്ക് ഫോൺ വഴി കൈമാറിയതോടെ പിന്നീടെത്തിയ ബസുകളെല്ലാം വാതിൽ അടച്ച നിലയിലായിരുന്നു.

എന്നാൽ ബസുകൾ നിരീക്ഷിക്കാൻ 2 കിലോമീറ്റർ ദൂരെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ നിയോഗിച്ചിരുന്നതിനാൽ വാതിൽ തുറന്നുവച്ച ബസുകളുടെ വിവരങ്ങൾ നേരത്തെ തന്നെ കലക്ടറുടെ സംഘത്തിനു കൈമാറിയിരുന്നു. ഈ ബസുകൾ തടഞ്ഞ കലക്ടർ താക്കീതു നൽകി വിട്ടയച്ചു. ആർടിഒമാരായ കെ.മനോജ്കുമാർ, ജി.അനന്തകൃഷ്ണൻ തുടങ്ങിയവരും കലക്ടർക്കൊപ്പമുണ്ടായി. 

കഴിഞ്ഞ ദിവസം ചെറുവട്ടൂരിൽ ബസിൽ നിന്നു തെറിച്ചു വീണു സ്ത്രീ മരിച്ചതാണ് വാതിൽ തുറന്നു വച്ചതു മൂലമുണ്ടായ അവസാന അപകടം. വാതിൽപ്പാളി അടച്ചിടാതെ പല ബസുകളിലും കെട്ടിവച്ച നിലയിലാണ്. ഇത് അപകടത്തിനു കാരണമാകുന്നതായുള്ള പരാതിയെ തുടർന്നാണ് കലക്ടർ പരിശോധനയ്ക്കിറങ്ങിയത്.

Related post