കലാഭവൻ മണിയുടെ മരണകാരണം കരൾ രോഗം; സിബിഐ കൊലപാതക സാധ്യത തള്ളി

കലാഭവൻ മണിയുടെ മരണകാരണം കരൾ രോഗം; സിബിഐ കൊലപാതക സാധ്യത തള്ളി

കലാഭവൻ മണിയുടെ മരണം കരൾ രോഗം മൂർച്ഛിച്ചെന്ന് സിബിഐ റിപ്പോർട്ട്. ദേശീയതലത്തിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ അടങ്ങിയ ബോർഡിന്റെ പഠനം വിശകലനം ചെയ്താണ് സിബിഐ 35 പേജുള്ള റിപ്പോർട്ട് തയാറാക്കിയത്. കരൾ സംബന്ധമായ അസുഖമാണു കലാഭവൻ മണിയുടെ മരണകാരണമെന്ന നിഗമനത്തിൽ സിബിഐ കേസന്വേഷണം അവസാനിപ്പിച്ച് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്ന മുൻ‍ റിപ്പോർട്ടിന്റെ വിശദമായ രൂപമാണ് ഇന്ന് സിബിഐ പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. കൊലപാതക സാധ്യത തള്ളിയാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

കരളിനെ ബാധിച്ച ചൈൽഡ് സി സിറോസിസാണ് കലാഭവൻ മണിയുടെ മരണകാരണം. മദ്യത്തിൽ നിന്നുള്ള മീതൈൽ ആൽക്കഹോൾ ശരീരത്തിൽ കിടന്നതാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. കരൾ ദുർബലമായതിനാൽ മീഥൈൽ ആൽക്കഹോൾ പുറംതള്ളാൻ ശരീരത്തിനായില്ല. ശരീരത്തിൽ മീതൈൽ ആൽക്കഹോളിന്റെ സാന്നിധ്യം അപകടകരമായ അളവിലായിരുന്നില്ല. നാലു ഗ്രാം മാത്രമായിരുന്നു ശരീരത്തിൽ കണ്ടെത്തിയത്. 

ഭക്ഷണത്തിലൂടെ അടിഞ്ഞു കൂടിയ ക്ലോർപൈറിഫോസ് എന്ന കീടനാശിനിയും ശരീരത്തിൽ കണ്ടെത്തിയിരുന്നു. പച്ചക്കറി വേവിക്കാതെ കഴിച്ചതിനാൽ ശരീരത്തിൽ കടന്നതാണ് ഇതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ആയുർവേദ ലേഹ്യം ഉപയോഗിച്ചിരുന്നതിനാൽ ഇതിൽ നിന്നാണ് കഞ്ചാവിന്റെ അംശം ശരീരത്തിൽ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 

Related post