കലൂർ മാർക്കറ്റ് കെട്ടിടം പത്ത് വർഷത്തിലേറെയായി വെറുതേ കിടക്കുന്നു?

കലൂർ മാർക്കറ്റ് കെട്ടിടം പത്ത് വർഷത്തിലേറെയായി വെറുതേ കിടക്കുന്നു?

ജി.സി.ഡി.എ.യുടെ ഉടമസ്ഥതയിലുള്ള വിശാലമായ കലൂർ മാർക്കറ്റ് കെട്ടിടം പത്ത് വർഷത്തിലേറെയായി വെറുതേ കിടക്കുന്നു. എന്തുകൊണ്ട് കെട്ടിടം വെറുതേ കിടക്കുന്നു എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് വ്യക്തമായ ഉത്തരമില്ല.

2001-ൽ ജി.സി.ഡി.എ. മണപ്പാട്ടിപ്പറമ്പിലാണ് കെട്ടിടം നിർമിച്ചത്. 40,000 ചതുരശ്രയടി വലിപ്പമുള്ള കലൂർ മാർക്കറ്റ് കെട്ടിടത്തിൽ 77 കടമുറികളുണ്ട്. പ്രയോജനപ്പെടുത്തിയാൽ ഏറെ ഉപകാരപ്പെടുന്ന ഈ കെട്ടിടത്തിലിപ്പോൾ ഉള്ളത് ഏതാനും കശാപ്പുശാലകൾ മാത്രം.

നിർമിച്ച് ഏറെ വൈകാതെ കെ.എച്ച്. ലത്തീഫ് എന്നയാൾക്ക് സൂപ്പർമാർക്കറ്റ് തുടങ്ങാൻ കെട്ടിടം വാടകയ്ക്ക് നൽകിയിരുന്നു. കെട്ടിടത്തിന്റെ രൂപം മാറ്റാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തെ ഒഴിപ്പിച്ചു. എന്നാൽ വാടകയായും മറ്റും ലക്ഷക്കണക്കിന് രൂപ ഇദ്ദേഹം നൽകാനുണ്ടായിരുന്നു. വാടക ഈടാക്കാനുള്ള ശ്രമത്തിനെതിരേ ലത്തീഫ് കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് കാരണമാണ് കെട്ടിടം പ്രയോജനപ്പെടുത്താനാകാത്തതെന്നായിരുന്നു ജീവനക്കാർ പറഞ്ഞത്.

നിലവിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പ്രവർത്തിക്കുന്ന മാർക്കറ്റ് മണപ്പാട്ടിപ്പറമ്പിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കെട്ടിടം പണിതത്. എന്നാൽ അന്ന് മതിയായ റോഡ് സൗകര്യം ഇല്ലാത്തതുകൊണ്ട് വ്യാപാരികൾ ഇവിടേക്ക് മാറാൻ തയ്യാറായില്ല. 2014-ൽ പേരണ്ടൂർ കനാലിന് കുറുകെ പാലം നിർമിച്ചതോടെ ഇവിടെ മതിയായ സൗകര്യം ലഭ്യമായിട്ടുണ്ട്. ഇനി കെട്ടിടത്തിലേക്ക് മാർക്കറ്റ് മാറ്റിയാൽ ഏറെ പ്രയോജനപ്പെടും. മാത്രമല്ല ദേശാഭിമാനി ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ഇത് സഹായകരമാകും.

Related post