കളമശ്ശേരി കൊറോണാ വാർഡിൽ ഇനി മോഹൻലാൽ നൽകിയ റോബോട്ടും

കളമശ്ശേരി കൊറോണാ വാർഡിൽ ഇനി മോഹൻലാൽ നൽകിയ റോബോട്ടും

കൊറോണ രോഗപ്രതിരോധത്തിന് മുന്നിൽനിൽക്കാൻ ഇനി റോബോട്ടും. കൊറോണ രോഗീപരിചരണ രംഗത്ത് റോബോട്ടിക് സാങ്കേതിക വിദ്യയാണ് ഇതിന് നേതൃത്വം നൽകുന്നത്. ഐസൊലേഷൻ വാർഡിൽ രോഗികളെ പരിചരിക്കുന്നതിനാണ് ‘കർമിബോട്ട്’ തയ്യാറായിരിക്കുന്നത്. സ്വയംപര്യാപ്തമായ റോബോട്ടാണിത്. നടൻ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായത്തോടെ, കേരള സ്റ്റാർട്ട് അപ്പ് മിഷനിലെ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ്‌ ആണ് ഈ റോബോട്ട് വികസിപ്പിച്ചിരിക്കുന്നത്.

രോഗികൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നത് തുടങ്ങി, അവരോടൊത്ത് രണ്ടുനിമിഷം സമയം ചെലവഴിക്കാനും വരെ റോബോട്ടിന് സാധിക്കും. കൃത്യമായ മാപ്പിങ്ങിലൂടെയാണ് കർമിബോട്ട് പ്രവർത്തിക്കുക. റോബോട്ട് എത്തേണ്ട സ്ഥലങ്ങൾ നേരത്തേ സ്പോട്ട് ചെയ്യും. ഈ സ്ഥലങ്ങളിലൂടെയായിരിക്കും റോബോട്ടിന്റെ സഞ്ചാരം. ഹോംസ്റ്റേഷനിൽ നിന്ന് തന്റെ ജോലിക്കായി ഇറങ്ങുന്ന റോബോട്ട്, നേരത്തെ തീരുമാനിച്ച സ്പോട്ടുകളിലൂടെയാകും പോയിവരിക. രോഗികൾക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക, രോഗികൾ ഉപയോഗിച്ച പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടർക്ക് വീഡിയോ കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകൾ.

ചിട്ടപ്പെടുത്തിയ കാര്യങ്ങൾ പൂർണമായും ചെയ്യാൻ ഈ റോബോട്ടിന് സാധിക്കും. 25 കിലോ ഭാരം വഹിക്കാൻ ശേഷിയുള്ള റോബോട്ടിന് സെക്കൻഡിൽ ഒരു മീറ്ററോളം വേഗത്തിൽ സഞ്ചരിക്കാനും സാധിക്കും. സോപ്പ് ലായനിയും അൾട്രാ വയലറ്റ് (യു.വി.) ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണശേഷിയും കർമിബോട്ടിന്റെ പ്രത്യേകതയാണെന്ന് അസിമോവ് റോബോട്ടിക്സ് സി.ഇ. ഒ ടി. ജയകൃഷ്ണൻ പറഞ്ഞു. അഴിച്ചെടുക്കാൻ സാധിക്കുന്ന ഘടനയാണ് എന്നതിനാൽ കൃത്യമായി സ്റ്റെറിലൈസ് ചെയ്യാനും സാധിക്കും.

രോഗികളുമായുള്ള ആരോഗ്യപ്രവർത്തകരുടെ സമ്പർക്കം പരമാവധി കുറയ്ക്കുക, പി.പി.ഇ. കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഓട്ടോമാറ്റിക് ചാർജിങ്‌, സ്പർശനരഹിത ശരീര ഊഷ്മാവ് പരിശോധന തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടുത്തി റോബോട്ടിന്റെ ശേഷി വർധിപ്പിക്കാനും നിർമാതാക്കൾക്ക് പദ്ധതിയുണ്ട്. കളമശ്ശേരി സ്റ്റാർട്ടപ്പ് മിഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടർമാരായ മേജർ രവി, വിനു കൃഷ്ണൻ, അസിമോവ് റോബോട്ടിക്സ് സി.ഇ.ഒ ടി. ജയകൃഷ്ണൻ എന്നിവർ ജില്ലാ കളക്ടർ എസ്. സുഹാസിന് റോബോട്ട് കൈമാറി. ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം റോബോട്ട് കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലെ രോഗികളെ പരിചരിക്കുന്നതിനായി കൈമാറുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Related post