സംഗീത പരിപാടി വിവാദം: വിറ്റത് നാലിലൊന്ന് ടിക്കറ്റുകൾ മാത്രമെന്നു സംഘാടകർ

സംഗീത പരിപാടി വിവാദം: വിറ്റത് നാലിലൊന്ന് ടിക്കറ്റുകൾ മാത്രമെന്നു സംഘാടകർ

കേരളപ്പിറവി ദിനത്തിൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ കരുണ സംഗീത പരിപാടിയുടെ നാലിലൊന്നു ടിക്കറ്റുകൾ മാത്രമേ വിറ്റുപോയിരുന്നുള്ളൂ എന്ന് സംഘാടകരായ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ. സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന നാലായിരത്തോളം പേരിൽ മൂവായിരത്തോളം പേരും സൗജന്യ പാസ് ഉപയോഗിച്ചാണു പരിപാടി കണ്ടതെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

ഓൺലൈനായി പുറത്തു വിട്ട വിഡിയോയിലാണ് പ്രസിഡന്റ് ബിജിബാൽ, സെക്രട്ടറി ഷഹ്ബാസ് അമൻ, ജോയിന്റ് സെക്രട്ടറിമാരായ ആഷിഖ് അബു, സിത്താര കൃഷ്ണകുമാർ എന്നിവർ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കു മറുപടി നൽകിയത്. വിശദീകരണങ്ങൾ ഇങ്ങനെ. ‘500, 1500, 2500, 5000 രൂപയുടെ ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഓൺലൈനായി വിറ്റ 908 ടിക്കറ്റുകൾക്ക് 7,35,500 രൂപ ലഭിച്ചു. സ്റ്റേഡിയത്തിനു പുറത്തെ കൗണ്ടർ വഴി 39000 രൂപയുടെ ടിക്കറ്റും വിറ്റു. ആകെ 7,74,500 രൂപയാണ് ടിക്കറ്റ് വരുമാനം. ഇതിൽ 18% ജിഎസ്ടി, 1% പ്രളയ സെസ്, 2% ബാങ്ക് ചാർജ് എന്നിവ കഴിഞ്ഞ് 6,21,936 രൂപ ലഭിച്ചു.

ലൈബ്രറികൾ ഉൾപ്പെടെ സാംസ്കാരിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികളുടെയും എംപിയുടെയും ഓഫിസ്, സംഗീത-സിനിമ വിദ്യാർഥികൾ എന്നിവർക്കെല്ലാം സൗജന്യ പാസ് നൽകി. ഇതിനെല്ലാം കണക്ക് ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ കൈവശമുണ്ട്. പരിപാടി തുടങ്ങി കഴിഞ്ഞ ശേഷം പുറത്തുണ്ടായിരുന്ന ടിക്കറ്റ് എടുക്കാൻ കഴിവില്ലാത്ത സംഗീത പ്രേമികളെയും ഉള്ളിലേക്കു കയറ്റി. എല്ലാവരും ഒരേ തരത്തിൽ പ്രശംസിച്ച പരിപാടി വൈകാരികമായ വിജയം തന്നെയായിരുന്നു. അതാണ് വ്യക്തമാക്കിയതും എന്നാൽ സാമ്പത്തികമായി പരാജയമാണെന്നതു വസ്തുതയാണ്.

ഒരു വ്യവസായി 50000 രൂപ സംഭാവന നൽകിയതൊഴിച്ചാൽ സ്പോൺസർമാരെയൊന്നും കണ്ടെത്താനായില്ല. പരിപാടിയുമായി വിവിധ രീതിയിൽ സഹകരിച്ച സ്ഥാപനങ്ങളുടെ പേരാണ് ടിക്കറ്റിലും നോട്ടിസിലുമെല്ലാം ഉൾപ്പെടുത്തിയത്. അവർ സ്പോൺസർമാരല്ല, പാർട്നർമാരാണ്. സ്റ്റേഡിയം സൗജന്യമായി വിട്ടുകിട്ടുകയും കലാകാരൻമാരെല്ലാം പ്രതിഫലം ഒഴിവാക്കി പങ്കെടുക്കുകയും ചെയ്തെങ്കിലും മറ്റു ഇനങ്ങളിലായി ആകെ 23 ലക്ഷത്തോളം രൂപ ചെലവായി.

വിമാന ടിക്കറ്റ്, താമസം, സ്റ്റേജ്, ശബ്ദ-വെളിച്ച സംവിധാനം, സെക്യുരിറ്റി, പബ്ലിസിറ്റി എന്നിങ്ങനെ വിവിധ ഇനങ്ങളിലാണിത്. ഇതിൽ 2 ലക്ഷത്തോളം രൂപ ഇനിയും കൊടുത്തു തീർക്കാനുണ്ട്. ടിക്കറ്റിൽ നിന്നുള്ള വരുമാനം പരിപാടിയുടെ ഇവന്റ് മാനേജ്മെന്റ് നിർവഹിച്ച കമ്പനിയുടെ കൈവശമാണെത്തുക. പരിപാടി സംഘടിപ്പിച്ച വകയിൽ അവരുടെ ആകെ ബില്ലായ 19 ലക്ഷത്തിലേറെ രൂപയിൽ നിന്ന് ടിക്കറ്റ് വരുമാനം കുറച്ചുള്ള തുകയുടെ ബില്ലാണ് ഫൗണ്ടേഷനു തന്നത്. ചെലവായ പണമെല്ലാം കൊടുത്തു തീർത്ത ശേഷം മാർച്ച് 31ന് മുൻപ് ടിക്കറ്റ് വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാമെന്നാണ് കരുതിയിരുന്നത്.

എന്നാൽ ഇതുവരെ പണം നൽകിയിട്ടില്ലെന്ന വിവരാവകാശ രേഖ ഉപയോഗിച്ച് ഞങ്ങളെ മോശക്കാരാക്കി ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമം ആരംഭിച്ചപ്പോൾ അംഗങ്ങൾ ഫൗണ്ടേഷന് വായ്പ നൽകിയ പണം അടയ്ക്കുകയായിരുന്നു. കലക്ടർ പരിപാടിയുടെ രക്ഷാധികാരിയാണെന്നു വിശദീകരണ കുറിപ്പിൽ പറഞ്ഞത് ശരിയല്ല. പരിചയക്കുറവു മൂലം സംഭവിച്ച ആ തെറ്റിന് കലക്ടറോട് നേരിട്ടും ക്ഷമാപണം നടത്തിയിട്ടുണ്ട്.

രാജ്യാന്തര സംഗീത മേള സംഘടിപ്പിക്കുക എന്ന ലക്ഷ്യവുമായി രൂപീകരിച്ച ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുടെ തുടക്കം മാത്രമായിരുന്നു കരുണ ഷോ. 5 ദിവസം നീളുന്ന രാജ്യാന്തര സംഗീതോത്സവം കൊച്ചിയിൽ എല്ലാ വർഷവും സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണു ഫൗണ്ടേഷനെന്നും ഭാരവാഹികൾ പറഞ്ഞു. ഇതിനിടെ, കരുണ സംഗീത പരിപാടിക്കെതിരെ നൽകിയ പരാതിയിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാരിയരുടെ മൊഴി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തി. ‌സാമ്പത്തിക ക്രമക്കേടും വഞ്ചനയും ആരോപിച്ച് സന്ദീപ് വാരിയർ കലക്ടർ എസ്. സുഹാസിനു നൽകിയ പരാതിയിലാണ് അന്വേഷണം.  

Related post