ജംഷഡ്പൂർ എഫ്സിയോടു തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്

ജംഷഡ്പൂർ എഫ്സിയോടു തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്

അത്യന്തം വാശിയേറിയ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയോടു തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടു തവണ ലീഡ് നേടിയ ശേഷമായിരുന്നു ജംഷഡ്പൂരിന് മുന്നിൽ ബ്ലാസ്റ്റേഴ്സ് പരാജയം സമ്മതിച്ചത്. നോ അകോസ്റ്റ (39), സെർജിയോ കാസ്റ്റെൽ (75 പെനൽറ്റി) എന്നിവരുടെ ഗോളുകളും ബ്ലാസ്റ്റേഴ്സ് താരം ബെർത്തലോമ്യു ഓഗ്ബെച്ചെയുടെ സെൽഫ് ഗോളുമാണ് (86) ജംഷഡ്പൂരിന് തുണയായത്. 

ബ്ലാസ്റ്റേഴ്സിനായി റാഫേൽ മെസ്സി ബോളി (11), ഓഗ്ബെച്ചെ (56) എന്നിവർ ലക്ഷ്യം കണ്ടു. അഞ്ചാം തോൽവി വഴങ്ങിയതോടെ പോയിന്റു പട്ടികയിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. അതേസമയം 12 കളികളിൽനിന്ന് നാലു ജയവുമായി ജംഷഡ്പൂർ ആറാം സ്ഥാനത്തേക്ക് ഉയർന്നു. 25ന് ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

മത്സരത്തിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിനായിരുന്നു മേധാവിത്വമെങ്കിൽ ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ ജംഷഡ്പൂർ കളിയിലേക്കു തിരിച്ചെത്തി. റാഫേൽ മെസ്സിയും ഓഗ്ബെച്ചെയും ജംഷഡ്പൂർ ഗോൾ മുഖത്ത് പല തവണ ആക്രമണം വിതച്ചപ്പോൾ വിറച്ചുപോയി അവരുടെ പ്രതിരോധം. മത്സരം തുടങ്ങി ഒരു മിനിറ്റ് പൂർത്തിയാകും മുൻപേ ജംഷഡ്പൂർ താരം ജോയ്നർ ലോറെൻസോയ്ക്ക് മഞ്ഞ കാർഡ് ലഭിച്ചു. ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് ഞിങ്ങിനെ ഫൗൾ ചെയ്തതിനായിരുന്നു നടപടി. പത്താം മിനിറ്റിൽ ജംഷഡ്പൂർ ബോക്സിന് പുറത്തു നിന്നും പന്തെടുത്തു പ്രതിരോധത്തെ മറികടന്ന് മെസ്സിയെടുത്ത ഷോട്ട് ജംഷഡ്പൂർ ഗോളി സുബ്രതോ പോൾ പിടിച്ചെടുത്തു. ഇതിനു പിന്നാലെയായിരുന്നു സുബ്രതോ പോളിന്റെ പിഴവ് മുതലെടുത്ത് മെസ്സിയുടെ ഗോൾ. എന്നാൽ പിന്നീടുള്ള നിമിഷങ്ങളിൽ ആതിഥേയർ കളിയിൽ തിരിച്ചെത്തി. 39–ാം മിനിറ്റിൽ അതിനു ഫലവും കണ്ടു. ആദ്യ പകുതി സമനിലയിൽ. ബ്ലാസ്റ്റേഴ്സിന്റെ അബ്ദുൽ ഹക്കുവിനും ഓഗ്ബെച്ചെയ്ക്കും ആദ്യ പകുതിയിൽ മഞ്ഞകാർഡ് ലഭിച്ചു.

രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ ബ്ലാസ്റ്റേഴ്സ് ടീമിൽ ആദ്യ മാറ്റം കൊണ്ടുവന്നു. 46–ാം മിനിറ്റിൽ ആർകേസിനെ പിൻവലിച്ച് സെർജിയോ സിഡോഞ്ച കളിക്കാനിറങ്ങി. എന്നാൽ അപ്രതീക്ഷിതമായി അബ്ദുൽ ഹക്കു രണ്ടാം മഞ്ഞകാർഡ് കണ്ടു പുറത്തുപോയി. പിന്നാലെ സഹലിനു പകരം ജീക്സൺ സിങ് എത്തി. പത്തുപേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്സ് ലീഡെടുക്കാനുള്ള തുടർ ശ്രമങ്ങളാണു പിന്നീടു നടത്തിയത്. ഇതു ലക്ഷ്യത്തിലെത്തിയത് 56–ാം മിനിറ്റിൽ. എന്നാൽ പകരക്കാരനായി ഇറങ്ങിയ സ്പാനിഷ് താരം സെർജിയോ കാസ്റ്റെൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളെ തകിടം മറിച്ചു. 75–ാം മിനിറ്റിൽ കാസ്റ്റെൽ പെനൽറ്റിയിലൂടെ സമനില പിടിച്ചു. കളി അവിടെ തീരുമെന്നു പ്രതീക്ഷിച്ചിരിക്കെയായിരുന്നു ജംഷഡ്പൂർ അടുത്ത വെടി പൊട്ടിച്ചത്. ജംഷഡ്പൂർ താരങ്ങൾ ബ്ലാസ്റ്റേഴ്സ് ബോക്സിൽ നടത്തിയ കൂട്ടമായ ആക്രമണത്തെ ചെറുക്കുന്നതിൽ പരാജയപ്പെട്ടുപോയി മഞ്ഞപ്പട. ഓഗ്ബെച്ചെയുടെ സെൽഫ് ഗോളിൽ ജംഷഡ്പൂർ മത്സരത്തിൽ ആദ്യമായി ലീഡെടുത്തു. 89–ാം മിനിറ്റിൽ ഓഗ്ബെച്ചെയുടെ ഷോട്ട് ജംഷഡ്പൂർ പോസ്റ്റിൽ തട്ടി പുറത്തുപോയി.

Related post