സംസ്ഥാനത്താദ്യമായി കൊച്ചിയിൽ സിഖുകാരുടെ തലപ്പാവു ചടങ്ങ്

സംസ്ഥാനത്താദ്യമായി കൊച്ചിയിൽ സിഖുകാരുടെ തലപ്പാവു ചടങ്ങ്

സംസ്ഥാനത്താദ്യമായി സിഖുകാരുടെ തലപ്പാവു ചടങ്ങ് കൊച്ചിയിൽ. ദസ്താർ ബന്തി എന്നറിയപ്പെടുന്ന ഈ ചടങ്ങിനു ശേഷമേ സിഖ് മതത്തിലെ കൗമാരക്കാർക്കു (ദസ്താർ) തലപ്പാവു ധരിക്കാനാവൂ. പേരിനൊപ്പം സിങ് എന്നു ചേർക്കുന്നതും ഇതിനു ശേഷമാണ്. കൊച്ചിയിലെ പഞ്ചാബി സമൂഹത്തിലെ പുതിയ തലമുറയിലെ സുപ്രിതാണു ‘സുപ്രിത് സിങ്’ ആയി മാറിയത്.

11 വയസ്സിനും 16നും ഇടയിലാണു പൊതുവേ ദസ്താർ ബന്ദി ചടങ്ങു നടക്കാറുള്ളത്. ദസ്താർ ബന്തിക്കു മുൻപ് കുട്ടികൾ മുടി ചുറ്റിക്കെട്ടി മുകളിൽ റുമാൽ കൊണ്ടു പൊതിയുകയാണു പതിവ്. കൊച്ചിയിലെ പഞ്ചാബി കുടുംബങ്ങൾ ദസ്താർ ബന്തി പൊതുവേ പഞ്ചാബിലെ ഗുരുദ്വാരകളിലാണു നടത്താറുള്ളത്. സംസ്ഥാനത്തെ ഏക ഗുരുദ്വാരയായ തേവര ഗുരുദ്വാര സിങ് സഭയിലായിരുന്നു ചടങ്ങുകൾ. 55 വർഷത്തെ പാരമ്പര്യമുള്ള ഗുരുദ്വാരയാണിത്. പ്രാർഥനയ്ക്കു ശേഷം സഭാ സെക്രട്ടറി അവതാർ സിങ് ചടങ്ങുകൾക്കു നേതൃത്വം നൽകി. അമ്മാവനായ രാജ്ബീർ സിങ്ങാണു ഗ്രന്ഥി സ്ഥാനത്തുനിന്നു സുപ്രിതിനു ദസ്താർ ബന്തി നടത്തിയത്. ഇനി മുതൽ സുപ്രിത് പുണ്യഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് പാരായണം ചെയ്യും. തുടർന്ന് അമൃത്ധാരി (വ്രതം) ആരംഭിക്കും.

ഇതു പൂർത്തിയാക്കുന്നതോടെ സിഖ് വംശജർ ആചാരത്തിന്റെ ഭാഗമായി എപ്പോഴും കൈവശം സൂക്ഷിക്കുന്ന കൃപാൺ എന്ന സ്റ്റീൽ കഠാര ധരിക്കാം. സ്റ്റീൽ കൈവള, തടികൊണ്ടുള്ള ‘കാങ്ക’ എന്ന ചീപ്പ് എന്നിവയും ഉപയോഗിക്കാം. ചീകിയ ശേഷം മുടിക്കെട്ടിനുള്ളിൽ കാങ്ക തിരുകി വച്ച് ഇതിനു മുകളിലാണു തലപ്പാവു ധരിക്കുന്നത്. നീളമുള്ള മുടിയും തലപ്പാവും ജീവിതകാലം മുഴുവൻ സൂക്ഷിക്കേണ്ടതിന്റെ ആചാരപരമായ പ്രാധാന്യം ഈ ചടങ്ങിൽ മുതിർന്ന അംഗങ്ങൾ പുതിയ അംഗത്തിനു വിവരിക്കും. ഏറെ കൗതുകം സമ്മാനിച്ചാണു ചടങ്ങുകൾ അവസാനിച്ചത്. ഒടുവിൽ ലംഗർ (പ്രസാദം) വിതരണവും നടന്നു.

എറണാകുളത്തെ പഞ്ചാബികളുടെ മൂന്നാം തലമുറയിൽപ്പെട്ടയാളും ഓട്ടമൊബീൽ വ്യാപാരിയുമായ സുരേന്ദ്രസിങ് സേഥിയുടെയും റാണി സേഥിയുടെയും പുത്രനായ സുപ്രിത് ഗ്ലോബൽ പബ്ലിക് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. സഹോദരി നിമ്മി കൗർ. അൻപതോളം പഞ്ചാബി കുടുംബങ്ങളാണു കൊച്ചിയിലുള്ളത്.

Related post