പ്രമാദമായ ആഡംബര നൗക നിശാ പാർട്ടി കേസ്, എല്ലാവരെയും കോടതി വെറുതെ വിട്ടു.

പ്രമാദമായ ആഡംബര നൗക നിശാ പാർട്ടി കേസ്, എല്ലാവരെയും കോടതി വെറുതെ വിട്ടു.

ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച കൊച്ചിയിലെ ആഡംബര നൗക നിശാ പാർട്ടിയിൽ പോലീസ് റെയ്ഡിനെ തുടർന്ന് അറസ്റ്റിലായവരെ കോടതി നിരുപാധികം വെറുതെ വിട്ടു. 2014 ജൂലായ് മാസത്തിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മറൈൻ ഡ്രൈവിൽ നിന്ന് പുറപ്പെടാൻ തയ്യാറായി നിന്ന ആഡംബര നൗകയിൽ നടന്നിരുന്ന നിശാ പാർട്ടിയിൽ മയക്കുമരുന്നുപയോഗം നടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം പരിശോധനക്ക് എത്തിയിരുന്നു. തുടർന്ന് ഒരുപാടു ടിൻ ബിയറും വിദേശ മദ്യവും കഞ്ചാവുമെല്ലാം കണ്ടെടുത്തതായി റിപ്പോർട്ടുകൾ വന്നു. അഞ്ചു പേരെ അറസ്റ്റും ചെയ്തു.

വിദേശ വനിതകളടക്കം ഒരുപാടു യുവതികളും ഇതിൽ ഉണ്ടായിരുന്നതായി മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. മാത്രവുമല്ല ഇതിൻറെ പിന്നിൽ സിനിമ സംവിധായകൻ, നിർമാതാവ് തുടങ്ങി പല പ്രമുഖരെയും ബന്ധിപ്പിക്കുവാൻ ഉള്ള ശ്രമങ്ങളും നടന്നിരുന്നു. പക്ഷേ പിന്നീട് ഇതൊന്നും തന്നെ ഒരു ബന്ധമില്ലാത്ത രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുനീങ്ങിയത്. ഈയൊരു സംഭവത്തിനുശേഷം കേരളത്തിൽ എല്ലാ ഡിജെ പാർട്ടിയിലും ശക്തമായ പരിശോധനകളും മറ്റും നടന്നിരുന്നു.

കൊച്ചിയിലെ രണ്ട് പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ റെയ്ഡിന് പോയി ഒന്നും കിട്ടാതെ ഇരുന്ന് അവസരത്തിലാണ് ഈ ആഡംബര നൗക നിശാ പാർട്ടിയിൽ പോലീസ് റെയ്ഡ് വന്നത്. അന്നത്തെ വീഴ്ചയ്ക്ക് പകരമായി മുഖം രക്ഷിക്കാനുള്ള നടപടിയാണ് എന്ന് പോലീസ് സേനയിൽ തന്നെ പലരും പറഞ്ഞിരുന്നത്രേ.

ബാങ്ക് മാനേജർക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയതിൽ മുൻപ് അന്വേഷണം നേരിട്ടിരുന്ന ഉയർന്ന പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നടന്ന റെയ്ഡിനെ പറ്റി പിന്നീട് ഒരു പ്രമുഖ മാസികയിൽ ഒരുപാട് വെളിപ്പെടുത്തലുകൾ വന്നുവെങ്കിലും ആ ഹോട്ടലുകളുടെ പേരോ മറ്റു വിശദാംശങ്ങളൊ ഒന്നും തന്നെ ഈ ഉദ്യോഗസ്ഥയോ ഷാഡോ പോലീസ് ടീം അംഗങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല.

പക്ഷേ ആഡംബര നൗകയിൽ ഒരുക്കി എന്നു പറയപ്പെടുന്ന ഈ നിശാ പാർട്ടിയെ പറ്റി ഉള്ളതും ഇല്ലാത്തതുമായ വിവരങ്ങൾ വൻതോതിൽ പുറത്തുവരുകയും ദൃശ്യമാധ്യമങ്ങളെല്ലാം വളരെ ആഘോഷപൂർവ്വം ദിവസങ്ങളോളം കൊണ്ടാടുകയുമായിരുന്നു. ഇതിൽ ഉൾപ്പെട്ടവർ നിരപരാധികളാണ് എന്ന് അന്നേ പലരും പറഞ്ഞിരുന്നു എന്നാൽ മാധ്യമങ്ങളുടെ അമിതമായ ഉത്സാഹത്തിൽ അതെല്ലാം മുങ്ങി പോവുകയായിരുന്നു.

കൂടാതെ പിടിച്ച ആഡംബര നൗകയുടെ സംരക്ഷണ ഉത്തരവാദിത്വത്തെപ്പറ്റി എക്സൈസും പോലീസും ഭിന്ന അഭിപ്രായത്തിൽ ആയിരുന്നത്രേ. തുടക്കത്തിൽ പോലീസ് കസ്റ്റഡിയിൽ ആയിരുന്നെങ്കിലും ദിവസങ്ങൾക്കുളിൽ തന്നെ അത് എക്സൈസിനു നൽകി. തുടർന്ന് വര്ഷങ്ങളോളം ഈ നൗക എക്സൈസു കസ്റ്റഡിയിൽ ആയിരുന്നു.  ഒടുവിൽ ലേലത്തിൽ വെച്ചപ്പോൾ അതിൻറെ ഉടമസ്ഥൻ തന്നെ അത് ലേലത്തിൽ പിടിച്ചു റിലീസ് ചെയ്തു ഇപ്പോൾ സർവീസ് നടത്തുന്നു.

ഇപ്പോൾ ഗവൺമെൻറ് ഉടമസ്ഥതയിലുള്ള ആഡംബര കപ്പലിലെ പോലെ സൗകര്യങ്ങൾ ഉള്ള ഈ സ്വകാര്യ നൗക, ടൂറിസം രംഗത്ത് വൻ മാറ്റങ്ങൾ വരുത്തുമെന്ന് ചിന്തിച്ചിരുന്ന കാലത്താണ് ഇങ്ങനെയൊരു കേസിൽ പെട്ടത്. ഇത്രയും വലിയ ഒരു ആഡംബര ബോട്ട് കേരളത്തിൽ തന്നെ അപൂർവമായതിനാൽ അതിൽ അസൂയ ഉള്ളവരോ, മുഖം രക്ഷിക്കാൻ വേണ്ടി പോലീസുകാരോ അല്ലെങ്കിൽ രാഷ്ട്രീയക്കാരോ ഒക്കെ കൂടി ചേർന്ന് ഉണ്ടാക്കിയ ഒരു സംഭവമാണ് ഇത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഏതായാലും ആറു വർഷങ്ങൾക്ക് ശേഷം സത്യം തെളിഞ്ഞതിൻറെ സന്തോഷത്തിലാണ് അന്ന് കുറ്റാരോപിതരായവർ. എറണാകുളം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോർട് ജഡ്ജ് ആണ് എല്ലാവരെയും വെറുതെവിട്ട ഉത്തരവ് പുറപ്പെടുവിച്ചത്. അഡ്വക്കേറ് P.K വർഗീസ്, അഡ്വക്കേറ് P.S അനിഷാദ്‌ എന്നിവരാണ് പ്രതികൾക്ക് വേണ്ടി ഹാജരായത്.

Related post