കൊച്ചി മെട്രോ സര്‍വീസുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണം

കൊച്ചി മെട്രോ സര്‍വീസുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണം

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അനാവശ്യ യാത്രകൾ നിരുൽസാഹപ്പെടുത്തുന്നതിനായി കൊച്ചി മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കുന്നു. തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെയാണ് ട്രെയിനുകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. രാവിലെ ആറുമുതൽ പത്തുമണിവരെ 20 മിനിറ്റ് ഇടവിട്ടും രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ ഒരു മണിക്കൂർ ഇടവിട്ടും നാലു മുതൽ രാത്രി പത്തു വരെ 20 മിനിറ്റ് ഇടവിട്ടുമായിരിക്കും സർവീസ്. നിലവിൽ തിരക്കുള്ള സമയത്ത് ആറുമിനിറ്റ് ഇടവേളയിലും തിരക്കു കുറവുള്ള സമയത്ത് എട്ടു മിനിറ്റ് ഇടവേളയിലുമാണ് സർവീസ് നടത്തുന്നത്.

ആലുവയിൽ നിന്നും തൈക്കുടത്തു നിന്നും രാത്രി പത്തു മണിക്ക് അവസാന ട്രെയിൻ പുറപ്പെടും. അത്യാവശ്യത്തിനു മാത്രം മെട്രോ ഉപയോഗിക്കണമെന്നാണ് യാത്രക്കാർക്കുള്ള നിർദേശം. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ കോവിഡ്-19 വിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകുന്നതിന്റെ ഭാഗമായാണ് സർവീസ് വെട്ടിച്ചുരുക്കുന്ന തീരുമാനമെന്ന് കൊച്ചി മെട്രോ റെയിൽ എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. യാത്രികർ ട്രെയിനിൽ പരസ്പരം നിശ്ചിത അകലം പാലിച്ച് യാത്ര ചെയ്യുന്നതിന് ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനതാ കർഫ്യുവിന്റെ പശ്ചാത്തലത്തിൽ നാളെ മെട്രോ സർവീസ് പൂർണമായും നിർത്തിവയ്ക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Related post