
കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന
കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ രണ്ട് മാസവും 20 ലക്ഷത്തിലേറെയായിരുന്നു മെട്രോയിലെ യാത്രക്കാരുടെ എണ്ണം. മുൻ വർഷത്തെ അപേക്ഷിച്ച് ഏറെ കൂടുതലാണിതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) അധികൃതർ പറഞ്ഞു.
2019 ഡിസംബറിൽ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 21,08,108 ആയിരുന്നു. ജനുവരിയിൽ ഇത് 20,74,430 ആയിരുന്നു. യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന കണക്കിലെടുത്ത് ട്രെയിനുകൾ തമ്മിലുള്ള ഇടവേള ആറു മിനിറ്റായി കുറച്ചിട്ടുണ്ട്. മുൻപിത് ഏഴു മിനിറ്റായിരുന്നു. പുതിയ റൂട്ട് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ കൂടുതൽ വർധനയുണ്ടാകുമെന്ന് കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പറഞ്ഞു.
2018-മായി താരതമ്യപ്പെടുത്തുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടായിട്ടുള്ളത്. 2018 ഡിസംബറിൽ 12,48,874 മാത്രമായിരുന്നു യാത്രക്കാരുടെ എണ്ണം. കഴിഞ്ഞ ജൂലായ് മുതൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായതായി കെ.എം.ആർ.എൽ. പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബറിൽ 20 ലക്ഷം വരെ യാത്രക്കാരുണ്ടായിരുന്നു. ഡിസംബറിലാണിത് ഏറ്റവും ഉയർന്ന് 21 ലക്ഷം തൊട്ടത്.