പൈപ്പ് എന്നു കരുതി കെഎസ്ഇബിയുടെ കേബിൾ ഡ്രിൽ ചെയ്തു

പൈപ്പ് എന്നു കരുതി കെഎസ്ഇബിയുടെ കേബിൾ ഡ്രിൽ ചെയ്തു

വടക്കേക്കരയിൽ ജല അതോറിറ്റിയുടെ പൈപ്പ് എന്നു കരുതി കെഎസ്ഇബിയുടെ കേബിൾ ഡ്രിൽ ചെയ്ത തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു. കരാർ തൊഴിലാളി ചേന്ദമംഗലം വടക്കുംപുറം സ്വദേശി വിൻസെന്റാണു രക്ഷപ്പെട്ടത്. കുഞ്ഞിത്തൈ കപ്പേളയ്ക്കു സമീപത്തു നിന്നു പള്ളിയുടെ ഭാഗത്തേക്കു ഭൂമിക്കടിയിലൂടെ വലിച്ചിരിക്കുന്ന 11 കെവി ലൈനിലാണു ജല അതോറിറ്റിയുടെ പൈപ്പ് എന്നു കരുതി വിൻസെന്റ് ഡ്രിൽ ചെയ്തത്.

രണ്ടര ഇഞ്ച് കേബിളിൽ ക്ലാംപ് പിടിപ്പിച്ചശേഷം ഡ്രിൽ ചെയ്തപ്പോൾ കേബിളിന്റെ മുകൾതട്ടിലൂടെ പോയിരുന്ന എർത്ത് ലൈനിൽ ഡ്രില്ലർ തട്ടി ഷോർട്ടായി. വിൻസെന്റ് തെറിച്ചു വീണു. ഡ്രില്ലർ കൂടുതൽ താഴേക്ക് ഇറങ്ങിയിരുന്നെങ്കിൽ ജീവഹാനി സംഭവിക്കുമായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ വിൻസെന്റ് പിന്നീടു വീട്ടിലേക്കു മടങ്ങി. കേബിൾ പൈപ്പ് പോലെ തോന്നിയതിനാലാണു വിൻസെന്റ് ഡ്രിൽ ചെയ്തതെന്നു കരാറുകാരനായ അബ്ദുൽ കരിം പറഞ്ഞു. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതിരുന്നതു കൊണ്ടാണ് അപകടമുണ്ടായതെന്ന് ആരോപണമുണ്ട്. ലൈൻ ടാപ്പിങ് നടത്തുന്ന സമയത്തു ജല അതോറിറ്റിയുടെ ലൈൻമാൻ ഉണ്ടാകണമെന്നാണു വ്യവസ്ഥ. ഇന്നലെ തൊഴിലാളിക്കൊപ്പം കരാറുകാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Related post