കൊച്ചിയിൽ പാലങ്ങൾ അടച്ചും  തുറന്നും ലോക്ഡൗൺ നിയന്ത്രണം

കൊച്ചിയിൽ പാലങ്ങൾ അടച്ചും തുറന്നും ലോക്ഡൗൺ നിയന്ത്രണം

അപ്രതീക്ഷിതമായി പൊലീസിന്റെ ലോക്ഡൗൺ പ്രഖ്യാപനം. മുന്നറിയിപ്പില്ലാതെ തോപ്പുംപടി ബിഒടി പാലവും ഹാർബർ പാലവും പൂട്ടിയതോടെ നെട്ടോട്ടമോടി പശ്ചിമകൊച്ചിയിലെ ജനങ്ങൾ. ജനങ്ങളുടെ നിർബന്ധത്തെ തുടർന്നു പാലങ്ങൾ 2 തവണ തുറന്ന് അടയ്ക്കേണ്ടി വന്നതോടെ ഗതാഗതക്കുരുക്കും വാക്കേറ്റവും. ഞായർ രാത്രി 8നാണു ഫോർട്ട് കൊച്ചി ക്ലസ്റ്ററിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്ന് ബിഒടി പാലം അടച്ചുപൂട്ടിയത്. എന്നാൽ ഇന്നലെ രാവിലെ പാലം തുറന്നു.

അരൂർ ഭാഗത്തു നിന്നു ലോക്ഡൗൺ അറിയാതെ എത്തിയ ദീർഘദൂര വാഹനങ്ങൾ കടത്തിവിടുന്നതിനാണു താൽക്കാലികമായി തുറന്നത്. എന്നാൽ, പാലം തുറന്നു എന്നു സമൂഹമാധ്യമ സന്ദേശങ്ങൾ പ്രചരിച്ചതോടെ ഇവിടേക്കു വാഹന പ്രവാഹമായി. തിരക്കേറി കടന്നു പോകാൻ കഴിയാതായതോടെ പാലത്തിനു സമീപം 2 കിലോമീറ്ററോളം ഗതാഗതക്കുരുക്കു രൂപപ്പെട്ടു. യാത്രക്കാരും പൊലീസുമായി ബഹളവും വാക്കേറ്റവുമായി.

കോവിഡ് മാനദണ്ഡങ്ങളെല്ലാം അവഗണിച്ച് തിക്കിത്തിരക്കിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ പൊലീസുകാർ വെള്ളം കുടിച്ചു. ഏഴരയ്ക്കു പാലം വീണ്ടും അടച്ചു. രാവിലെ കൊച്ചി നഗരത്തിൽ ജോലിക്കു പോകുന്നതിനായി ഇറങ്ങിയ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ  ഇതോടെ കുടുങ്ങി. തോപ്പുംപടി ജംക്‌ഷൻ വരെയും പള്ളുരുത്തി വരെയും വാഹനങ്ങളുടെ നിര നീണ്ടു. വാഹനങ്ങൾ തിങ്ങി നിറഞ്ഞതോടെ ആളുകൾക്കു മടങ്ങിപ്പോകാനുമാവാത്ത അവസ്ഥയായി. 

വാക്കേറ്റം മുറുകിയതോടെ 9ന് പാലം തുറന്ന് സ്വകാര്യ ബസുകളടക്കം വാഹനങ്ങൾ കടത്തി വിട്ട ശേഷം വീണ്ടും അടച്ചു.  ദേശീയപാതയിലൂടെ വരുന്ന ദീർഘദൂര ബസുകൾക്കും മറ്റു വാഹനങ്ങൾക്കും കടന്നു പോകുന്നതിനായി ഉച്ചയ്ക്കു ശേഷം പാലത്തിലെ ബാരിക്കേഡുകൾ എടുത്തുമാറ്റി. തുടർന്നു പാലത്തിൽ നിന്ന് അൽപം അകലേക്കു മാറ്റി ഇവ സ്ഥാപിച്ചു. ഇവിടെ പരിശോധന നടത്തി മാത്രമേ വാഹനങ്ങൾ കടത്തി വിടുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. ബിഒടി പാലത്തിനൊപ്പം ഹാർബർ പാലവും അടച്ചുവെങ്കിലും രാവിലെ തുറന്നു, പിന്നീട് വീണ്ടും അടച്ചു.

ഇവിടെയും ഉച്ചയ്ക്ക് ശേഷം ബാരിക്കേഡുകൾ എടുത്തുമാറ്റി ഗതാഗതം പൊലീസിന്റെ നിയന്ത്രണത്തിലാക്കി. തോപ്പുംപടി കോടതിക്കു സമീപവും മാർക്കറ്റിനു സമീപവും പൊലീസ് പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിച്ചു. അവശ്യ സർവീസുകളിൽ പെടുന്ന വാഹനങ്ങൾക്ക് മാത്രമായിരിക്കും പാലത്തിലൂടെ പ്രവേശനം അനുവദിക്കുകയെന്നും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് അകത്തേക്കും പുറത്തേക്കും വാഹനങ്ങൾ അനുവദിക്കില്ലെന്നും അസി.പൊലീസ് കമ്മിഷണർ ജി.ഡി.വിജയകുമാർ അറിയിച്ചു. പാലത്തിലൂടെയുള്ള ഗതാഗതം കർശനമായി നിയന്ത്രിക്കും 

Related post