ബൈക്കിൽ എത്തിയ യുവാവ്  പെൺകുട്ടിയെ കുത്തി വീഴ്ത്തി

ബൈക്കിൽ എത്തിയ യുവാവ് പെൺകുട്ടിയെ കുത്തി വീഴ്ത്തി

കാക്കനാട് ഇൻഫോപാർക്ക് റോഡിലെ കുഴിക്കാട്ടുമൂലയിൽ ബൈക്കിൽ എത്തിയ യുവാവ് പെൺകുട്ടിയെ കുത്തി വീഴ്ത്തി. ഇന്നലെ വൈകിട്ട് 4.45ന് ആയിരുന്നു സംഭവം. കഴുത്തിലും നെഞ്ചിലും വയറ്റിലും കയ്യിലും കുത്തേറ്റ നിലയിൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ രാത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. അപകടനില തരണം ചെയ്തിട്ടില്ല.  പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് ആക്രമണം നടത്തിയെന്നാണ് പൊലീസിനു ലഭിച്ച വിവരം.

പടമുകൾ സ്വദേശിയായ ഇയാളെ പൊലീസ് തിരയുന്നുണ്ട്. വിദ്യാർഥിനിയും സമീപത്തെ ഡേ കെയറിലെ പാർട് ടൈം ജീവനക്കാരിയുമായ പതിനേഴുകാരിയാണ് ആക്രമണത്തിന് ഇരയായത്. ബൈക്കിൽ വന്ന യുവാവ് ഡേ കെയറിനു മുന്നിലെ റോഡിൽ പെൺകുട്ടിയെ തടഞ്ഞു നിർത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. കയ്യിൽ കരുതിയ കത്തി കൊണ്ടു പെൺകുട്ടിയുടെ കഴുത്തിലാണ് ആദ്യം കുത്തിയത്. താഴെ വീണ പെൺകുട്ടിയുടെ ദേഹത്തു കയറിയിരുന്നു നെഞ്ചിലും വയറ്റിലും കയ്യിലും ഒട്ടേറെ തവണ കുത്തി. പെൺകുട്ടിയുടെ കരച്ചിൽ കേട്ടു ഓടിക്കൂടിയവരാണ്  ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും പെൺകുട്ടി അബോധാവസ്ഥയിലായി.

ബൈക്ക് ഉപേക്ഷിച്ചാണ് യുവാവ് രക്ഷപ്പെട്ടത്. ഇരുവരും അടുപ്പത്തിലായിരുന്നു എന്നും ഒരേ സമുദായമല്ലാത്തതിനാൽ വീട്ടുകാരുടെ എതിർപ്പു മൂലം പെൺകുട്ടി അടുത്ത കാലത്തായി അകലം പാലിച്ചിരുന്നുവെന്നും പെൺകുട്ടിയുടെ സുഹൃത്തുക്കൾ പറഞ്ഞു. ഇതാകാം യുവാവിനെ പ്രകോപിപ്പിച്ചത് എന്നാണ് നിഗമനം. കലക്ടറേറ്റിനു സമീപം അത്താണിയിലാണ് കുടുംബ വീടെങ്കിലും ഏതാനും നാളായി പെൺകുട്ടിയും മാതാവും കുഴിക്കാട്ടുമൂലയിൽ വാടക വീട്ടിലാണ് താമസം.

എറണാകുളത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പഠനത്തിനൊപ്പമാണ് വീടിനടുത്തുള്ള ഡേ കെയറിൽ ജോലിക്കെത്തുന്നത്. ഇന്നലെ ഉച്ചവരെ പഠിക്കാൻ പോയ ശേഷമാണ് ഡേ കെയറിൽ പതിവു ജോലിക്കെത്തിയത്. യുവാവ് എറണാകുളത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലും ഇന്നലെ പെൺകുട്ടിയെ പിന്തുടർന്നതായി പൊലീസിനു സംശയമുണ്ട്. പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്ത ശേഷമേ വ്യക്തമായ വിവരം ലഭിക്കൂ എന്നു പൊലീസ് പറഞ്ഞു.

Related post