നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യര്‍ ഇന്ന് കോടതിയില്‍; മൊഴി നിർണായകം

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യര്‍ ഇന്ന് കോടതിയില്‍; മൊഴി നിർണായകം

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നടി മഞ്ജു വാരിയരെ അഡീഷനൽ സ്പെഷൽ സെഷൻസ് കോടതി ഇന്നു വിസ്തരിക്കും. രാവിലെ 11 മണിക്ക് സാക്ഷിവിസ്താരം തുടങ്ങും. ഇന്നു ഹാജരാകാൻ നടൻ സിദ്ദീഖ്, നടി ബിന്ദു പണിക്കർ എന്നിവർക്കും കോടതി നോട്ടിസ് നൽകിയിട്ടുണ്ട്. ഗീതു മോഹൻദാസ്, സംയുക്ത വർമ, കുഞ്ചാക്കോ ബോബൻ എന്നിവരെ നാളെയും സംവിധായകൻ ശ്രീകുമാർ മേനോനെ മറ്റന്നാളും വിസ്തരിക്കും.

വാനിന്റെ ഉടമയെ ഇന്നലെ കോടതി വിസ്തരിച്ചു. നടിയെ തട്ടിക്കൊണ്ടുപോകുന്നതിനു മുൻപു പ്രതികൾ ഈ വാൻ ഉപയോഗിച്ചിരുന്നു. നടിയെ തട്ടിക്കൊണ്ടു പോകുന്നതിനു മുൻപ് പൾസർ സുനിയടക്കമുള്ള പ്രതികളെ കണ്ട 11 സാക്ഷികളെയും കോടതി ഇന്നലെ വിസ്തരിച്ചു. അഞ്ചുവര്‍ഷം മുന്‍പ് ദിലീപില്‍ നിന്ന് വിവാഹമോചനം നേടിയ അതേ കോടതിയിലാണ് ദിലീപ് കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു എത്തുന്നത് എന്ന യാദൃഛികതയും ഇന്നത്തെ നടപടിക്കുണ്ട്. കേസിലെ നിർണായക സാക്ഷിയാണ് മഞ്ജു വാര്യർ.

കേസില്‍ ദിലീപ് പ്രതിയാകുന്നതിനു വളരെ മുന്‍പേ കേസില്‍ ഗൂഡാലോചന ഉണ്ടെന്ന് പരസ്യമായി പറഞ്ഞു. ‍പിന്നീട് ദിലീപ് പ്രതിയായി വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച് അതിനുള്ള കാരണങ്ങളും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയാകുകയും ചെയ്തു. അതിനാൽ മഞ്ജുവിന്റെ മൊഴി നിര്‍ണായകമാണ്.

Related post