മരടിലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ  തിങ്കളാഴ്ച മുതൽ നീക്കും

മരടിലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തിങ്കളാഴ്ച മുതൽ നീക്കും

മരടിൽ നിയന്ത്രിത സ്ഫോടനത്തിൽ തകർത്ത 4 ഫ്ലാറ്റുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തിങ്കളാഴ്ച മുതൽ നീക്കി തുടങ്ങും. നേരത്തേ നിശ്ചയിച്ച യാഡിലേക്കു തന്നെയാകും അവശിഷ്ടങ്ങൾ നീക്കുകയെന്നും ഇതിൽ അവ്യക്തതയില്ലെന്നും കരാറുകാരായ പ്രോംപ്റ്റ് എന്റർപ്രൈസസ് അറിയിച്ചു. അവശിഷ്ടങ്ങളിൽ നിന്നു കോൺക്രീറ്റും കമ്പിയും വേർതിരിക്കുന്ന ജോലി പുരോഗമിക്കുകയാണ്. കോൺക്രീറ്റ് പൊടിച്ച് എം സാൻഡാക്കി മാറ്റുന്നതിനുള്ള റബിൾ മാസ്റ്റർ മൊബൈൽ ക്രഷർ 5 ദിവസത്തിനകം എത്തിക്കും.

കോൺക്രീറ്റ് യാഡിലേക്കു നീക്കിയതിനു ശേഷമാണു യന്ത്രം ഉപയോഗിച്ചു പൊടിക്കുക. യാഡിനു മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ചു. ഫ്ലാറ്റ് പൊളിച്ച സ്ഥലങ്ങൾ ജർമൻ കമ്പനിയായ ‘ഷ്വിങ് സ്റ്റെറ്റർ’ പ്രതിനിധികളായ ഫിലിപ്പ്, ഫ്രാൻസിസ്, കൊച്ചി ഓഫിസിൽ നിന്നുള്ള സുധാകർ, ശ്രീകുമാർ എന്നിവർ സന്ദർശിച്ചു. കമ്പിയും കോൺക്രീറ്റും വേർതിരിക്കുന്ന പ്രക്രിയയിൽ സംഘം സംതൃപ്തി പ്രകടിപ്പിച്ചു. കോൺക്രീറ്റിൽ ലോഹ അവശിഷ്ടങ്ങൾ ഉണ്ടാകുന്നതു മൂലം യന്ത്രത്തിനു കേടുപാടുകളുണ്ടാകില്ലെന്ന് ഫിലിപ്പ് പറഞ്ഞു.

മാഗ്നറ്റിക് കട്ടറാണു പൊടിക്കുന്നതിന് ഉപയോഗിക്കുന്നത്. ലോഹ കഷണങ്ങൾ ഇതു വലിച്ചെടുക്കും. മണിക്കൂറിൽ 80 മുതൽ 150 ടൺ വരെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ യന്ത്രം എംസാൻഡാക്കി മാറ്റും. വേർതിരിക്കൽ പൂർത്തിയായാൽ അവശിഷ്ടങ്ങൾ നീക്കുന്നതിന് 15 ദിവസം അനുവദിച്ചിട്ടുണ്ടെന്നും ഇതു വളരെ വേഗത്തിൽ പൂർത്തിയാക്കാനാകുമെന്നും പ്രോംപ്റ്റ് കമ്പനി പ്രതിനിധികളായ അച്യുത് ജോസഫ്, ഇർഷാദ്, അൻസാർ എന്നിവർ പറഞ്ഞു.

Related post