നിയന്ത്രിത സ്ഫോടനത്തിന് ശേഷം പരിസരം പൊടി മൂടി.  അധിക‍ൃതർ വാഗ്ദാനം പാലിക്കാത്തതു വൻ പ്രതിഷേധത്തിനിടയാക്കുന്നു.

നിയന്ത്രിത സ്ഫോടനത്തിന് ശേഷം പരിസരം പൊടി മൂടി. അധിക‍ൃതർ വാഗ്ദാനം പാലിക്കാത്തതു വൻ പ്രതിഷേധത്തിനിടയാക്കുന്നു.

ഫ്ലാറ്റ് പൊളിക്കൽ പൂർത്തിയായ ശേഷമുള്ള ആദ്യ ദിനം മരട് സംഘർഷഭരിതം. കോൺക്രീറ്റ് അവശിഷ്ടങ്ങൾ പൊടിച്ചു നീക്കിത്തീരുന്നതുവരെ മാസ്ക് ധരിച്ചു നടക്കേണ്ട ഗതികേടിലാണു മരടുകാർ. നിയന്ത്രിത സ്ഫോടനത്തിനു ശേഷം 4 ഫ്ലാറ്റുകളുടെയും പരിസരം പൊടിയിൽകുളിച്ചു നിൽക്കുകയാണ്. കാറ്റിൽ പൊടിപടലങ്ങൾ വീടുകളിലെത്തുന്നു. പല വീടുകളിലും വിരൽവണ്ണത്തിൽ പൊടിയടിഞ്ഞിട്ടുണ്ട്. കഴുകി വൃത്തിയാക്കിയും തുടച്ചു നീക്കിയും മടുത്തെന്നു വീട്ടമ്മമാർ പരാതിപ്പെടുന്നു.

സ്ഫോടനശേഷം റോഡുകളും വീടുകളും വെള്ളം ചീറ്റിച്ചു കഴുകും എന്നുള്ള അധിക‍ൃതരുടെ വാഗ്ദാനം  പാലിക്കപ്പെടാത്തതിന്റെ കലിപ്പിലായിരുന്നു ഇന്നലെ നാട്ടുകാരിൽ പലരും. 11നു പൊളിച്ച ആൽഫാ സെറിൻ, ഹോളി ഫെയ്ത് എച്ച്ടുഒ പരിസരങ്ങളിൽ പോലും പൊടിശല്യം കാരണം ആളുകൾ ഇനിയും മടങ്ങി എത്തിയിട്ടില്ല. 12നു പൊളിച്ച ജയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവയുടെ പരിസരവാസികളും പൊടി മൂലം പ്രതിസന്ധിയിലാണ്.

പരാതിപ്പെട്ടിട്ടും പരിഹാരം ആകാത്തതിനെത്തുടർന്നു ഹോളിഫെയ്ത് എച്ച്2ഒയുടെ സമീപവാസികൾ നഗരസഭാധ്യക്ഷയെയും വൈസ് ചെയർമാനെയും ഉപരോധിച്ചു. രാവിലെ തുടങ്ങിയ പ്രതിഷേധം വൈകിട്ടും അവസാനിച്ചില്ല. ഇതിനിടെ പ്രതിഷേധം ശമിപ്പിക്കാനെന്നവണ്ണം ഒരു ടാങ്കർ ലോറിയിൽ ഉച്ചയോടെ വെള്ളം എത്തിച്ചെങ്കിലും ഒരാളുടെ വീട്ടിൽ അടിച്ചപ്പോൾ തന്നെ തീർന്നു. ഇതോടെ മുഴുവൻ ആളുകളുടെയും വീടുകളിൽ വെള്ളം അടിച്ചതിനു ശേഷം മാത്രം  സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന നിലപാടിൽ വീട്ടമ്മമാർ കുത്തിയിരുന്നു. സ്ഫോടനം കഴിഞ്ഞിട്ടും വീട്ടിലേക്കു മടങ്ങാനാകാത്ത സാഹചര്യമാണെന്നും നഗരസഭയുടെ ഭാഗത്തുനിന്നു തുടർ നടപടികൾ ഒന്നുമില്ലെന്നും ആരോപിച്ചാണു പ്രദേശവാസികൾ സംഘടിച്ചത്. വീട്ടമ്മമാരായിരുന്നു പ്രതിഷേധക്കാരിൽ ഏറെയും.

Related post