മരട് ഫ്ലാറ്റ് പൊളിക്കൽ: രണ്ട്‌ കെട്ടിടങ്ങൾക്കുകൂടി വിള്ളൽ; ക്രിസ്മസിന് പട്ടിണിസമരവുമായി സമീപവാസികൾ

മരട് ഫ്ലാറ്റ് പൊളിക്കൽ: രണ്ട്‌ കെട്ടിടങ്ങൾക്കുകൂടി വിള്ളൽ; ക്രിസ്മസിന് പട്ടിണിസമരവുമായി സമീപവാസികൾ

മരട് ഫ്ലാറ്റ് പൊളിക്കൽ പണികൾ തുടരുന്നതിനിടെ നെട്ടൂർ ‘ആൽഫ’ ഫ്ലാറ്റിന്‌ സമീപത്തെ ഒരു വീടിനും അൻപതോളം വിദ്യാർഥികൾ താമസിച്ച്‌ പഠിക്കുന്ന ഖദീജത്തുൽ കുബ്റ ഇസ്ലാമിക് കോംപ്ലക്സിനും വിള്ളൽ വീണു. ഫ്ലാറ്റിന്‌ സമീപമുള്ള നെടുംപിള്ളിൽ സുഗുണാനന്ദന്റെ വീടിനാണ് വിള്ളൽ. ഇരുനില വീടിന്റെ മുകൾനിലയിലെ മൂന്ന്‌ മുറികളിൽ ഭിത്തിയിലും സീലിങ്ങിലും തലങ്ങും വിലങ്ങുമായി നിരവധി വിള്ളലുകളുണ്ടായി.

ഇസ്ലാമിക് കോംപ്ലക്സിന്റെ മൂന്നാംനിലയിലെ കുളിമുറിക്ക്‌ വിള്ളൽവീണ് ഭിത്തിയും ടൈൽസും വിണ്ടുകീറി. നാലാം നിലയിൽ 30 വിദ്യാർഥികൾ കിടന്നുറങ്ങുന്ന വലിയ ഹാളിന്‌ മൂന്ന് വിള്ളലുകളുണ്ടായി. ഇതോടെ ‘ആൽഫ’ ഫ്ലാറ്റിനു സമീപം വിള്ളൽ വീണ വീടുകളുടെ എണ്ണം 15 ആയി.

ക്രിസ്മസ് ദിനത്തിൽ ‘പട്ടിണിസമരം’ നടത്താനൊരുങ്ങുകയാണ് സമീപവാസികൾ. സമര സമിതിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ കുണ്ടന്നൂർ ജങ്‌ഷനിലാണ് സമരം. വീടുകളിൽ വിള്ളൽ വീഴുന്നതിലും ഭരണാധികാരികൾ ജീവനും സ്വത്തിനും വേണ്ടത്ര സംരക്ഷണം നൽകാതിരിക്കുന്നതിലും പ്രതിഷേധിച്ചാണ് സമരം. മുഖ്യമന്ത്രിയെ കാണാൻ തിങ്കളാഴ്ച അനുവാദം ലഭിച്ചിട്ടുണ്ടെന്നും നേരിട്ട് വിവരങ്ങൾ ധരിപ്പിക്കുമെന്നും സമര സമിതി നേതാക്കൾ അറിയിച്ചു.

Related post