മരട് ഫ്ലാറ്റ് പൊളിക്കൽ ദൗത്യം പൂർണം

മരട് ഫ്ലാറ്റ് പൊളിക്കൽ ദൗത്യം പൂർണം

തീരപരിപാലനനിയമം ലംഘിച്ച് മരടിൽ പണിത നാലുഫ്ലാറ്റും നിലംപൊത്തി. സമീപത്ത്‌ കാര്യമായ ഒരു പരിക്കുമേൽപ്പിക്കാതെ. ഇതോടെ സുപ്രീംകോടതി വിധി പൂർണമായി നടപ്പായി. കൃത്യതയാർന്ന ആസൂത്രണത്തിന്റെയും നടപ്പാക്കലിന്റെയും വിജയംകൂടിയായി ഈ പൊളിക്കൽ.

ഹോളിഫെയ്ത്ത് എച്ച്.ടു.ഒ., ആൽഫ സെറീൻ, ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം ഫ്ളാറ്റുകൾ തലയുയർത്തിനിന്ന സ്ഥലത്ത് ഇപ്പോൾ കോൺക്രീറ്റ് കൂനമാത്രം. ഞായറാഴ്ച രാവിലെ 11.02-നായിരുന്നു ജെയിനിന്റെ അന്ത്യം. ഉച്ചയ്ക്ക് കൃത്യം രണ്ടരയ്ക്ക് ഗോൾഡൻ കായലോരവും വീണു. കേവലം ഒമ്പത് സെക്കൻഡിൽ. തൊട്ടടുത്തുള്ള അങ്കണവാടിയുടെ രണ്ട് ജനൽച്ചില്ലുകൾ പൊട്ടി. കായലിലെ കൽക്കെട്ടിലും ചെറിയ നാശമുണ്ടായി. പൊളിച്ചതിൽ ഏറ്റവും ചെറിയ ഫ്ളാറ്റ് ഇതായിരുന്നെങ്കിലും ഏജൻസികൾ ഏറ്റവും ആശങ്കപ്പെട്ടത് ഇവിടെയാണ്. തൊട്ടടുത്തുള്ള അങ്കണവാടിയായിരുന്നു മുഖ്യകാരണം. ഇതിനെ ഒരു സ്കൂളായി കണക്കിലെടുത്ത പൊളിക്കൽ ഏജൻസി ഇത് പൂർണമായും സംരക്ഷിക്കണമെന്ന് തീരുമാനിച്ചു. അങ്കണവാടി മൂടിയിടാൻ ക്രെയിൻ എത്താൻ വൈകിയതാണ് രണ്ടാമത്തെ സ്ഫോടനം അരമണിക്കൂർ നീളാൻ കാരണം.

ഫ്ളാറ്റുകൾ പൊളിക്കുന്നതിൽ മുംബൈയിലെ എഡിഫിസ് എൻജിനിയറിങ്ങിന്റെ പ്രൊഫഷണലിസം വ്യക്തമാക്കുന്നതായിരുന്നു ഞായറാഴ്ചത്തെ രണ്ട് സ്ഫോടനവും. ജെയിൻ കോറൽകോവിന്റെ മൂന്നുവശവും കായലാണ്. പിന്നിൽ കായലിലേക്ക് പത്തുമീറ്ററോളം ദൂരം മാത്രം. കായലിൽനിന്ന് മൂന്നുമീറ്ററോളം ഉള്ളിലാണ് അവശിഷ്ടങ്ങൾ പതിച്ചത്. പൊടിമാത്രമേ കായലിലേക്ക് പോയുള്ളൂ.

325-ഓളം കുടുംബങ്ങൾ താമസിച്ചിരുന്ന ഫ്ളാറ്റുകളാണ് ഇല്ലാതായിരിക്കുന്നത്. ഇവരെ കഴിഞ്ഞ സെപ്റ്റംബർ 30-ഓടെ ഒഴിപ്പിച്ചിരുന്നു. ഫ്ളാറ്റുനിന്ന സ്ഥലങ്ങൾ ഫെബ്രുവരി ഒമ്പതിനുമുമ്പ് പൂർവസ്ഥിതിയിലാക്കുമെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഉറപ്പ്. 138 ദിവസത്തെ ഷെഡ്യൂളാണ് കോടതിയിൽ നൽകിയിരുന്നത്. അവശിഷ്ടനീക്കം അടുത്തദിവസം ആരംഭിക്കും.

Related post