മെട്രോ നിർമാണത്തിനുള്ള കമ്പി മോഷണം: രണ്ട്‌ പ്രതികൾ കൂടി അറസ്റ്റിൽ

മെട്രോ നിർമാണത്തിനുള്ള കമ്പി മോഷണം: രണ്ട്‌ പ്രതികൾ കൂടി അറസ്റ്റിൽ

കൊച്ചി മെട്രോയുടെ ഇരുമ്പനത്തെ സ്റ്റോക്ക് യാർഡിൽ നിന്നു 20 ലക്ഷത്തോളം രൂപ വരുന്ന ഇരുമ്പു കമ്പികൾ മോഷ്ടിച്ച സംഘത്തിലെ 2 പേരെക്കൂടി അറസ്റ്റ് ചെയ്തു. ആലുവ കമ്പനിപ്പടി തച്ചവല്ലത്ത് വീട്ടിൽ ഫാറൂഖ്(35), പെരുമ്പാവൂർ പോഞ്ഞാശ്ശേരി വലിയവീട്ടിൽ യാസിർ (38) എന്നിവരാണ് പിടിയിലായത്. ഇവർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങുകയായിരുന്നു. തുടർന്നാണ് ഇവരെ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇതോടെ കേസിലെ 11 പ്രതികളും പിടിയിലായെന്ന് പൊലീസ് പറഞ്ഞു.

കമ്പനിയിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ എത്തിച്ചുകൊടുക്കുന്ന ആലുവ സ്വദേശിയായ യാസറും ഇയാളുടെ കൂട്ടുകാരനായ മുഹമ്മദ് ഫറൂക്കും ചേർന്ന് കമ്പനിജോലിക്കാർക്ക് പണംകൊടുത്ത് അവരെ കൂട്ടുപിടിച്ചാണ് സ്റ്റോക്ക് യാർഡിൽനിന്ന്‌ വർക്ക് സൈറ്റുകളിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന ടൺകണക്കിന് കമ്പികൾ ലോറിയിൽ കയറ്റി കടത്തിക്കൊണ്ടുപോയത്

കമ്പനിയുടെ സ്റ്റോർ അസിസ്റ്റന്റായിരുന്ന കർണാടക സ്വേദേശി ശരണ ബാസപ്പ (23), കമ്പനിയിലെ ജീവനക്കാരായ കൊല്ലം സ്വദേശി ഷൈൻ (39), തിരുവനന്തപുരം കണിയാപുരം സ്വദേശി വിഷ്ണു (29) എന്നിവരെ സംഭവത്തിന് രണ്ട് ദിവസത്തിനകംതന്നെ പോലീസ് പിടികൂടിയിരുന്നു.

40 ടൺ ഇരുമ്പുകമ്പികളാണ് ഡിസംബർ 18 നു പുലർച്ചെ ഇരുമ്പനം യാഡിൽ നിന്ന് ഇവർ മോഷ്ടിച്ചത്. കമ്പനി അധികൃതർ നൽകിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഇരുമ്പു സാമഗ്രികൾ ആലുവ എടയാർ വ്യവസായ മേഖലയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികളെ ഇരുമ്പനം സ്റ്റോക്ക് യാഡിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.

Related post