വിന്‍ഡോസ് 7 ഇനി 1 ദിവസം കൂടി, അപ്‌ഗ്രേഡ് ചെയ്തില്ലെങ്കിലും പ്രശ്നമാകും

വിന്‍ഡോസ് 7 ഇനി 1 ദിവസം കൂടി, അപ്‌ഗ്രേഡ് ചെയ്തില്ലെങ്കിലും പ്രശ്നമാകും

വിചിത്രമാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ ചരിത്രം. ചില പതിപ്പുകളെ ഉപയോക്താക്കള്‍ സ്‌നേഹം കൊണ്ടു പൊതിയും ചിലതിനെ വെറുപ്പുകൊണ്ടും. വിന്‍ഡോസ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട വേര്‍ഷനുകളിൽ ഒന്നായിരുന്നു വിന്‍ഡോസ് 7. ഈ വേര്‍ഷന്റെ ജനസമ്മതിയാണ്, തങ്ങളുടെ ഏറ്റവും പുതിയതും ആധുനികവുമായ വേര്‍ഷനായ വിന്‍ഡോസ് 10ന്റെ കുതിപ്പിനു തടയിടുന്നതെന്നാണ് മൈക്രോസോഫ്റ്റ് കരുതുന്നത്. ഇപ്പോള്‍ പോലും മൊത്തം വിന്‍ഡോസ് ഉപയോക്താക്കളില്‍ 42.8 ശതമാനം പേര്‍ വിന്‍ഡോസ് 7 ഉപയോഗിക്കുന്നുണ്ടെന്നാണ്. 2020 ജനുവരി 14ന് വിന്‍ഡോസ് 7നുള്ള ഫ്രീ സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ മൈക്രോസോഫ്റ്റ് നിർത്തും. ഇതിനു മുൻപെ പുതിയ വേര്‍ഷനിലേക്ക് അപ്ഗ്രേഡ് ചെയ്യണെന്നും മുന്നറിയിപ്പും ന‌ൽകിയിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു വിന്‍ഡോസ് XP. അതീവ ലളിതവും വേണ്ടത്ര വേഗമുള്ളതുമായ ഈ ഒഎസിനെ വിട്ട്, പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ വിന്‍ഡോസ് വിസ്റ്റ എന്നൊരു വേര്‍ഷനുമായി എത്തി. ഏറ്റവും വെറുക്കപ്പെട്ട വിന്‍ഡോസ് വേര്‍ഷനുകളിലൊന്നായിരുന്നു വിസ്റ്റ. പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റു ചെയ്തവരില്‍ മിക്കവരും തിരിച്ച് എക്‌സിപിയിലേക്കു പോയി. പിന്നീട് ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇറക്കിയ വേര്‍ഷനായിരുന്നു വിന്‍ഡോസ് 7. എക്‌സ്പിയുടെയത്ര ഉപയോഗ സുഖവും ലാളിത്യവും തോന്നിയില്ലെങ്കിലും ഉപയോക്താക്കള്‍ വിന്‍ഡോസ് 7ല്‍ എത്തി തമ്പടിച്ചു.

പിന്നീട് വിസ്റ്റ പോലെ മറ്റൊരു ദുരന്തമായി വിന്‍ഡോസ് 8 അവതരിച്ചു. ഇതിലേക്ക് അപ്‌ഗ്രേഡു ചെയ്തവരില്‍ മിക്കവരും അതിലും വേഗത്തില്‍ 7നിലേക്ക് തിരിച്ചു പോന്നു. അതിനുശേഷം വീണ്ടും വളരെ ശ്രദ്ധകൊടുത്തിറക്കിയ വേര്‍ഷനാണ് വിന്‍ഡോസ് 10. വിന്‍ഡോസ് 8നെക്കാള്‍ ഭേദമാണെങ്കിലും വിന്‍ഡോസ് 7ന്റെ ലാളിത്യം പുതിയ വേര്‍ഷനില്ല എന്നതിനാല്‍ ഉപയോക്താക്കള്‍ 10ലേക്ക് അപ്‌ഗ്രേഡു ചെയ്യാന്‍ വിസമ്മതിച്ചു. വിന്‍ഡോസ് 10ല്‍ ഓടുന്ന പ്രധാന പ്രോഗ്രാമുകളെല്ലാം തന്നെ വിന്‍ഡോസ് 7ലും ഓടും, സ്ഥിരതയുമുണ്ട്. പിന്നെന്തിന് വലിച്ചുവാരിയിട്ടതു പോലെയുള്ള ഇന്റര്‍ഫെയ്‌സുള്ള വിന്‍ഡോസ് 10ലേക്ക് പോകണമെന്ന് പല ഉപയോക്താക്കളും ചോദിച്ചു. വിന്‍ഡോസ് 10ലേക്ക് ഫ്രീ ആയി അപ്‌ഗ്രേഡു ചെയ്‌തോളൂവെന്നു മൈക്രോസോഫ്റ്റ് പറഞ്ഞിട്ടും ആളുകള്‍ വിന്‍ഡോസ് 7നെ മുറുകെപ്പിടിച്ചു നിന്നു. വിന്‍ഡോസ് 7നുള്ള പിന്തുണ പിന്‍വലിക്കുമ്പോള്‍ വിന്‍ഡോസ് 10ല്‍ കൂടുതല്‍ ഉപയോക്താക്കളെ കിട്ടുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.

എന്നാല്‍, വിന്‍ഡോസ് 7ന്റെ പിന്തുണ പിന്‍വലിക്കലില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഓരോ പുതിയ വേര്‍ഷന്‍ വിന്‍ഡോസിനും ഒരു നിശ്ചിത കാലാവധിയുണ്ട്. അതിനുശേഷം പിന്തുണ പിന്‍വലിക്കും. വിന്‍ഡോസ് 7ല്‍ ഇപ്പോള്‍ സുരക്ഷാ ആപ്‌ഡേറ്റുകള്‍ മാത്രമാണ് ലഭിക്കുന്നത്. അതുമൊരു കൊല്ലത്തിനുള്ളില്‍ പിന്‍വലിക്കും.

Related post