മിത്രോം ആപ്പിനെതിരെ വ്യാപക പരാതി

മിത്രോം ആപ്പിനെതിരെ വ്യാപക പരാതി

കഴിഞ്ഞ ദിവസങ്ങളിൽ പ്ലേ സ്റ്റോറിൽ വൻ ജനപ്രീതി നേടിയ മിത്രോം ആപ്പിനെതിരെ വ്യാപക പരാതി. ചൈനീസ് ടിക് ടോക്കിനെതിരെ മത്സരിക്കാൻ ഇന്ത്യയിൽ നിന്ന് പിറവിയെടുത്ത ആപ്പെന്ന് അവകാശപ്പെടുന്ന മിത്രോം പാക്കിസ്ഥാനിൽ നിന്ന് വന്നതാണെന്നാണ് ആരോപണം. പാക്കിസ്ഥാൻ സോഫ്റ്റ്‌വെയർ ഡെവലപ്പർ ക്യുബോക്‌സസിൽ നിന്ന് വാങ്ങിയതാണ് മിത്രോം ആപ്പിന്റെ കോഡ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

മിത്രോം ആപ്ലിക്കേഷൻ യഥാർഥത്തിൽ ഒരു പാക്കിസ്ഥാൻ കമ്പനി സൃഷ്ടിച്ചതാണെന്നും ടിക്ടിക് ആപ്ലിക്കേഷന്റെ പരിഷ്കരിച്ച പകർപ്പാണിതെന്നുമാണ് ആരോപണം. ടിക്ടിക് ആപ്ലിക്കേഷൻ നിർമിച്ച ക്യുബോക്സസിന്റെ സ്ഥാപകനും സിഇഒയുമായ ഇർഫാൻ ഷെയ്ഖ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.

ടിക്ടിക് ആപ്ലിക്കേഷന്റെ സോഴ്സ് കോഡ് മിത്രോമിന്റെ നിർമാതാവിന് 34 ഡോളറിന് (ഏകദേശം 2500 രൂപ) വിറ്റു. തന്റെ കമ്പനിയാണ് മിത്രോമിന് വേണ്ട സോഴ്‌സ് കോഡ് വിറ്റതെന്നും ഷെയ്ഖ് ദേശീയ മാധ്യമത്തോട് പറഞ്ഞു. മിത്രോം ഡെവലപ്പർ ഇങ്ങനെ ചെയ്തതിൽ ഒരു പ്രശ്നവുമില്ല. അദ്ദേഹം സ്‌ക്രിപ്റ്റിന് പണം നൽകി ഉപയോഗിച്ചു, അത് കുഴപ്പമില്ല. പക്ഷേ, ആളുകൾ ഇതിനെ ഒരു ഇന്ത്യൻ നിർമിത ആപ്ലിക്കേഷൻ എന്ന് പരാമർശിക്കുന്നതാണ് പ്രശ്‌നം, പ്രത്യേകിച്ചും അവർ ഒരു മാറ്റവും വരുത്താത്തതിനാൽ ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ആപ്ലിക്കേഷന് ഒരു സ്വകാര്യതാ നയവുമില്ല, ഇതിനാൽ ഉപയോക്താക്കൾക്ക്, സൈൻ അപ്പ് ചെയ്ത് വിഡിയോകൾ അപ്‌ലോഡുചെയ്യുന്ന ആളുകൾക്ക്, അവരുടെ ഡേറ്റ ഉപയോഗിച്ച് എന്താണ് ചെയ്യുന്നതെന്ന് അറിയില്ല എന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

Related post