ലോക്ഡൗൺ ലംഘിച്ചു പ്രഭാത സവാരിക്കിറങ്ങിയ 41 പേർ അറസ്റ്റിൽ

ലോക്ഡൗൺ ലംഘിച്ചു പ്രഭാത സവാരിക്കിറങ്ങിയ 41 പേർ അറസ്റ്റിൽ

പനമ്പള്ളിനഗറിൽ ലോക്ഡൗൺ ലംഘിച്ചു പ്രഭാത സവാരിക്കിറങ്ങിയ 2 സ്ത്രീകളുൾപ്പെടെ 41 പേർ അറസ്റ്റിൽ. ഡ്രോൺ പരിശോധന മുഖേനയാണു നിയമലംഘനം പൊലീസ് കണ്ടെത്തിയത്. പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തു. 10,000 രൂപ  പിഴയും രണ്ടു വർഷം വരെ തടവും ലഭിക്കാവുന്ന വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർ നടക്കാനിറങ്ങുന്നതു പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

ലോക്ഡൗൺ, നിരോധനാജ്ഞ തുടങ്ങിയവ ചൂണ്ടിക്കാട്ടി ആവർത്തിച്ചു മുന്നറിയിപ്പുകൾ നൽകിയെങ്കിലും അവഗണിക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു.  വെള്ളിയാഴ്ച രാവിലെ പൊലീസ് നടത്തിയ ഡ്രോൺ പരിശോധനയിൽ ഇവിടെ  നടക്കാനിറങ്ങുന്നവരുടെ തിരക്കു കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ വനിതാ ഉദ്യോഗസ്ഥരുൾപ്പെടെയുള്ള വൻ പൊലീസ് സംഘം സ്ഥലത്തെത്തി നടപടി ആരംഭിച്ചത്.

അര മണിക്കൂറിനിടെയാണ്  41 പേർ അറസ്റ്റിലായത്. സൗത്ത് സ്റ്റേഷനിലെത്തിച്ചു നടപടിക്രമങ്ങൾ പൂർത്തിയാക്കി എല്ലാവരെയും ജാമ്യത്തിൽ വിട്ടയച്ചു. ഡിസിപി ജി.പൂങ്കുഴലിയുടെ നിർദേശപ്രകാരം എസിപി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ്, സബ് ഇൻസ്പെക്ടർ വിനോജ് എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

Related post