എറണാകുളത്ത് മുത്തൂറ്റ് റീജണൽ മാനേജരെയും അസി.മാനേജരെയും ആക്രമിച്ചു

എറണാകുളത്ത് മുത്തൂറ്റ് റീജണൽ മാനേജരെയും അസി.മാനേജരെയും ആക്രമിച്ചു

എറണാകുളത്ത് മുത്തൂറ്റ് ഓഫീസിൽ ജോലിക്കെത്തിയ ജീവനക്കാരെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചതായി കേസ്. കടവന്ത്ര ഓഫീസിലെ റീജണൽ മാനേജർ വിനോദ് കുമാർ, അസിസ്റ്റന്റ് മാനേജർ ധന്യ പി. നായർ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.

കടവന്ത്ര യൂണിറ്റിന് സമീപത്തു വച്ച് ബൈക്കിലെത്തിയ അക്രമികൾ ഇരുമ്പുവടി കൊണ്ടാണ്‌ അടിച്ചത്. ഇരുവർക്കും മർദനത്തിൽ സാരമായ പരിക്കേറ്റു. വിനോദ് കുമാറിനെ അടിക്കുന്നത് തടയാൻ ശ്രമിക്കവെയാണ് ധന്യ പി. നായർക്ക് മർദനമേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിനോദ് കുമാറിന് തലയ്ക്കും തോളിനും പരിക്കേറ്റിട്ടുണ്ട്. ധന്യ പി. നായരുടെ കൈ എല്ലിന് പൊട്ടലേറ്റു. രാവിലെ 9.15 ഓടെയാണ് സംഭവം. കടവന്ത്ര മെട്രോ സ്റ്റേഷന് സമീപത്ത് നിൽക്കവെ ബൈക്കിലെത്തിയ രണ്ടുപേർ ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നു ജീവനക്കാർ പറയുന്നു. സമീപത്തുള്ള ഓട്ടോ ഡ്രൈവർമാർ ഓടിക്കൂടിയതോടെ അക്രമികൾ കടന്നു കളഞ്ഞു. അവരെ കണ്ടാൽ തിരിച്ചറിയുമെന്ന് വിനോദ് കുമാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തേവര പോലീസ് പറഞ്ഞു.

സംസ്ഥാനത്തെ മുത്തൂറ്റ് ഫിനാൻസ് ഓഫീസുകളിലെല്ലാം തൊഴിലാളികളുടെ അനിശ്ചിതകാല സമരം നടക്കുകയാണ്. കൂടുതൽ പേരെ സുരക്ഷയ്ക്കായി അനുവദിക്കാൻ പോലീസുകാരോട് മുത്തൂറ്റ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, കോർപറേറ്റ് ഓഫീസിലെത്തിയ മുത്തൂറ്റ് എം.ഡി.യുടെ കാറിനു നേരെയും സമരാനുകൂലികളുടെ നേതൃത്വത്തിൽ അക്രമമുണ്ടായിരുന്നു. ജീവനക്കാരെ പിരിച്ചുവിട്ട കാര്യത്തിൽ സമരാനുകൂലികളും സി.ഐ.ടി.യു.വും രണ്ടുതവണ ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പിലെത്തിയിരുന്നില്ല. വരുന്ന 17-ന് ഇരുവരും വീണ്ടും ചർച്ച നടത്തും.

Related post