മുത്തൂറ്റ്  ഫിനാൻസ് എംഡിക്കു കല്ലേറിൽ പരുക്കേറ്റു

മുത്തൂറ്റ് ഫിനാൻസ് എംഡിക്കു കല്ലേറിൽ പരുക്കേറ്റു

മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റിനു കല്ലേറിൽ പരുക്കേറ്റു. ഇന്നലെ രാവിലെ ഒൻപതോടെ, മറൈൻഡ്രൈവിൽ എറണാകുളം റേഞ്ച് ഡിഐജി ഓഫിസിനു സമീപത്തായിരുന്നു കാറിനു നേരെ കല്ലേറ്. ഇടതുവശത്തെ മുൻസീറ്റിൽ ഇരിക്കുകയായിരുന്ന ജോർജ് അലക്സാണ്ടറിനു നേരെ തേങ്ങയേക്കാൾ വലുപ്പമുള്ള കോൺക്രീറ്റ് കഷണം കൊണ്ട് എറിയുകയായിരുന്നു. തലയുടെ പിൻഭാഗത്തു മുറിവുണ്ട്

മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകി. കാറിൽ പിൻസീറ്റിലുണ്ടായിരുന്ന മകനും മുത്തൂറ്റ് ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഈപ്പൻ അലക്സാണ്ടറിനു നേരെയും കല്ലേറുണ്ടായി. കാറിന്റെ ഇടതു വശത്തെ ചില്ലുകൾ തകർന്നു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുത്തൂറ്റ് ഫിനാൻസ് കോർപറേറ്റ് ഓഫിസിനു മുന്നിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം നടക്കുകയാണ്. ആക്രമണസ്ഥലത്തു നിന്ന് ഒരു കിലോമീറ്ററിനുള്ളിലാണ് കോർപറേറ്റ് ഓഫിസ്. ഇവിടെ പൊലീസ് സംരക്ഷണമുണ്ട്. ഓഫിസിലേക്കുള്ള ജീവനക്കാരെ, ഡിഐജി ഓഫിസിനു മുന്നിലെത്തിച്ച് അവിടെനിന്ന് കോർപറേറ്റ്  ഓഫിസിലേക്ക് 6 കാറുകളിലായി നീങ്ങുന്നതിനിടെയാണ് ആക്രമണം.

ജീവനക്കാർ സഞ്ചരിച്ച കാറിനും കല്ലെറിഞ്ഞു; ചില്ലുകൾ തകർന്നു. ആർക്കും പരുക്കില്ല. കല്ലെറിഞ്ഞവരെ തിരിച്ചറിയാമെന്നു ദൃക്സാക്ഷികളായ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ പറഞ്ഞു. ഇരുപതോളം പേർ ഡിഐജി ഓഫിസ് പരിസരത്തു തമ്പടിച്ചിരുന്നതായും ഇവരെ വെട്ടിച്ചു കടക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നും ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ ഒരു സിഐടിയു പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഫിസിൽ പ്രവേശിക്കാൻ ശ്രമിച്ച ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ തിങ്കളാഴ്ച ഒരു സിഐടിയു പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related post