വെടിക്കെട്ടപകടം: റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

വെടിക്കെട്ടപകടം: റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി നടക്കാവ് ഭഗവതി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം സംബന്ധിച്ച് എഡിഎമ്മിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വെടിക്കെട്ട് നടത്തിപ്പിന്റെ ഉത്തരവാദിത്തം ആർക്കെല്ലാമായിരുന്നുവെന്നു വാദത്തിനിടെ കോടതി ചോദിച്ചു. ഒരാൾക്കു മാത്രമാവില്ലല്ലോ ചുമതലയെന്നും പരാമർശിച്ചു. വെടിക്കെട്ടിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റി ഭാരവാഹി എൻ. കെ. ഉണ്ണികൃഷ്ണൻ നേരത്തേ നൽകിയ ഹർജി അപകടത്തിന്റെ പശ്ചാത്തലത്തിൽ ജസ്റ്റിസ് അനു ശിവരാമൻ പരിഗണനയ്ക്കെടുപ്പിച്ചതാണ്.

ഹർജി ഇന്നു വീണ്ടും പരിഗണിക്കും. കലക്ടർ അനുമതി നിഷേധിച്ചതു ചോദ്യം ചെയ്തുള്ള ഹർജിയിൽ അപേക്ഷ പുനപരിശോധിക്കാനും കലക്ടർ ഏർപ്പെടുത്തുന്ന നിബന്ധനകൾ കർശനമായി പാലിക്കാനും കോടതി നേരത്തേ നിർദേശിച്ചിരുന്നു. നിശ്ചിത അകലം പാലിക്കുന്ന കാര്യത്തിൽ ഹർജിഭാഗം ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ തുറസായ സ്ഥലവും ആളുകൾ നിൽക്കുന്ന ഇടവും തമ്മിൽ വേലികെട്ടിത്തിരിച്ചിരുന്നോ എന്നു കോടതി വാദത്തിനിടെ ചോദിച്ചു. അനുവദനീയ സാമഗ്രികൾ മാത്രമാണു വെടിക്കെട്ടിന് ഉപയോഗിച്ചതെന്നു ഹർജിഭാഗം ബോധിപ്പിച്ചു.

Related post