വര്‍ക്ക് ഫ്രം ഹോം പ്ലാനുകളുമായി ടെലികോം കമ്പനികള്‍

വര്‍ക്ക് ഫ്രം ഹോം പ്ലാനുകളുമായി ടെലികോം കമ്പനികള്‍

ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന തിനാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭൂരിഭാഗം ഐ.ടി ജീവനക്കാരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഓഫീസില്‍ ഇരുന്ന് ചെയ്യേണ്ട ജോലികള്‍ അതത് ദിവസംതന്നെ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഫോണ്‍ വിളിയും ഇന്റര്‍നെറ്റ് ഉപയോഗവും കൂടുതലാണ്. ഈ സാഹചര്യം മുന്നില്‍ക്കണ്ട് രാജ്യത്തെ ടെലികോം കമ്പനികള്‍ ‘വര്‍ക്ക് ഫ്രം ഹോം’ എന്ന പേരില്‍ വിവിധ പാക്കേജുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.

റിലയന്‍സ് ജിയോ രണ്ട് ജി.ബി. ഡേറ്റയുമായി 51 ദിവസത്തെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 251 രൂപയാണ് നിരക്ക്. ഡേറ്റ പൂര്‍ണമായും ഉപയോഗിച്ചാല്‍ പിന്നീട് സെക്കന്‍ഡില്‍ 64 കെ.ബി. എന്ന കുറഞ്ഞ വേഗത്തിലേക്ക് മാറും. വോയ്‌സ് കോള്‍, എസ്.എം.എസ്. എന്നിവ ഈ പാക്കേജ് വഴി ലഭിക്കില്ല. കൂടാതെ 249 രൂപ, 444 രൂപ, 549 രൂപ എന്നിങ്ങനെ മൂന്ന് പാക്കേജും ജിയോ ലഭ്യമാക്കിയിട്ടുണ്ട്.

എയര്‍ടെല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി 298 രൂപ (28 ദിവസം), 349 രൂപ (28 ദിവസം), 449 രൂപ (56 ദിവസം), 698 രൂപ (84 ദിവസം) എന്നീ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ പ്ലാനിനും സൗജന്യ എസ്.എം.എസ്. ലഭ്യമാണ്. കൂടാതെ, 1 ജി.ബി., 1.5 ജി.ബി, 3 ജി.ബി. തുടങ്ങിയ പ്ലാനുകളും ലഭ്യമാണ്.

ഇന്റര്‍നെറ്റിന്റെ ആവശ്യം വര്‍ധിച്ചതോടെ എയര്‍ടെല്‍ ഡോങ്കിള്‍ ദക്ഷിണേന്ത്യയില്‍ മുഴുവനായി വിറ്റുപോയതായി കമ്പനി അറിയിച്ചു. വോഡഫോണും ഐഡിയയും ഇതുപോലെ തന്നെ’വര്‍ക്ക് ഫ്രം ഹോം’ പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 299 രൂപ (28 ദിവസം), 449 രൂപ (56 ദിവസം), 699 രൂപ (84 ദിവസം) എന്നീ രണ്ട് ജി.ബി. പ്ലാനുകളാണ് ലഭ്യമാക്കിയിട്ടുള്ളത്.

ബി.എസ്.എന്‍.എല്ലാവട്ടെ നിലവില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഇല്ലാത്ത ബി.എസ്.എന്‍.എല്‍. എല്ലാ ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ക്കും കണക്ഷന്‍ എടുക്കുന്ന പുതിയ ഉപഭോക്താക്കള്‍ക്കും ഒരു മാസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനാണ് നല്‍കിയിരിക്കുന്നത്. ഇതിനായി ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവ ആവശ്യമില്ല.

അഞ്ച് ജി.ബി. ഡേറ്റയാണ് ഒരു ദിവസം ബി.എസ്.എന്‍.എല്‍ നല്‍കുന്നത്. പത്ത് എം.ബി.പി.എസ്. വേഗതയിലാണ് ഈ പ്ലാനില്‍ നെറ്റ് സേവനം ലഭ്യമാകുക. നിലവിലെ ലാന്‍ഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പ്ലാന്‍ എടുക്കുന്നതിനായി ‘ബി.ബി.’ എന്ന് ടൈപ്പ് ചെയ്ത് 54141 എന്ന നമ്പറിലേക്കും പുതിയ കണക്ഷന്‍ എടുക്കുന്ന ഉപഭോക്താക്കള്‍ 9400054141 എന്ന നമ്പറിലേക്കും എസ്.എം.എസ്. അയയ്ക്കാവുന്നതാണ്.

Related post