ലോക്ഡൗൺ ഇളവ്:  ഹോട്ട്‌സ്‌പോട്ടില്‍ കര്‍ശന നിയന്ത്രണം;  പുതിയ മാനദണ്ഡങ്ങൾ

ലോക്ഡൗൺ ഇളവ്: ഹോട്ട്‌സ്‌പോട്ടില്‍ കര്‍ശന നിയന്ത്രണം; പുതിയ മാനദണ്ഡങ്ങൾ

ലോക്ഡൗൺ ഇളവു സംബന്ധിച്ചു കഴിഞ്ഞ 17ന് ഇറക്കിയ ഉത്തരവിലെ പല വ്യവസ്ഥകളും പിന്നീടു പിൻവലിച്ച സാഹചര്യത്തിൽ അന്നത്തെ ഉത്തരവിൽ ഭേദഗതി വരുത്തി പുതിയ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു.  പഴയ ഉത്തരവിലെ വ്യവസ്ഥകൾ നിലനിർത്തി ഏതാനും ഇളവുകൾ പിൻവലിക്കുകയാണു ചെയ്തിരിക്കുന്നത്. മേയ് 3 വരെ കേന്ദ്ര സർക്കാർ  പ്രഖ്യാപിച്ച വിലക്കുകളെല്ലാം തുടരും.

സ്വകാര്യ വാഹനങ്ങളുടെ ഒറ്റ, ഇരട്ട സംഖ്യാ നിയന്ത്രണം പുതിയ ഉത്തരവിലും ഉണ്ട്. തിങ്കൾ, ബുധൻ, വെള്ളി ഒറ്റ അക്ക നമ്പറുള്ള വണ്ടികളും ചൊവ്വ,വ്യാഴം,ശനി ഇരട്ട അക്ക വണ്ടികളും ഓടണം.നമ്പർ അടിസ്ഥാനത്തിലുള്ള നിയന്ത്രണം ഞായറാഴ്ച ബാധകമല്ലെന്ന് ഉത്തരവിൽ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല. 

അവശ്യ സർവീസുകളുടെയും മാധ്യമപ്രവർത്തകരുടെയും വാഹനങ്ങളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.  വനിതകൾക്കും ഭിന്നശേഷിക്കാർക്കും ഇളവുണ്ട്.  ഡ്രൈവർക്കു പുറമേ പിൻസീറ്റിൽ 2 പേർക്കു യാത്ര ചെയ്യാം.ഇരുചക്രവാഹനങ്ങളിൽ ഒരാളേ പാടുള്ളൂവെങ്കിലും കുടുംബാംഗമാണെങ്കിൽ ഒരാൾ കൂടി ആകാം.

അവശ്യസാധന വിതരണം സമയപരിധിയില്ലാതെ അനുവദിക്കും.നഗരമേഖലയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്കും ധാന്യമില്ലുകൾക്കും പ്രവർത്തിക്കാം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ രാത്രി 7 വരെ. 

ഫാൻ,വിദ്യാഭ്യാസ സംബന്ധമായ പുസ്തകങ്ങൾ എന്നിവ വിൽക്കുന്ന കടകൾ പ്രവർത്തിക്കും. ബസ്,ടാക്സി,ഓട്ടോറിക്ഷ സർവീസുകൾ അനുവദിക്കില്ല.വിവാഹത്തിനും ശവസംസ്കാരത്തിനും 20 പേർ.എല്ലാ ഹോട്സ്പോട്ടുകളുടെയും അതിർത്തികൾ സീൽ ചെയ്യും.

നാലു റെഡ് ജില്ലകൾ ഒഴികെ 10 ജില്ലകളിലെയും ഹോട്സ്പോട്ട് ഒഴികെയുള്ള മേഖലകളിൽ  ഇന്നലെ മുതൽ ഉത്തരവ് നിലവിൽ വന്നു.ഇതിൽ ഏതെല്ലാം റെഡ് ജില്ലകളിലെ ഹോട്സ്പോട്ട് ഒഴികെയുള്ള സ്ഥലത്തു നടപ്പാക്കാമെന്നു കലക്ടർമാർക്കു തീരുമാനിക്കാം. 

ബാർബർമാർക്കു വീട്ടിലെത്തി മുടി വെട്ടാൻ അനുവാദം നൽകുന്നതിന് ആലോചിച്ചിരുന്നുവെങ്കിലും ഉത്തരവിൽ അനുമതിയില്ല.ആശുപത്രികൾ ,ലാബുകൾ, മരുന്നു നിർമാണ യൂണിറ്റുകൾ,ആരോഗ്യ രംഗത്തെ നിർമാണ പ്രവർത്തനങ്ങൾ, മഴക്കാലപൂർവ  ശുചീകരണം,കാർഷിക ജോലി, കാർഷിക വിപണനം, വളം നിർമാണ ശാലകളും വിൽപന കേന്ദ്രങ്ങളും,മത്സ്യബന്ധനം, മത്സ്യം വളർത്തൽ, പാൽ ഉൽപാ ദനവും വിപണനവും, മുട്ട ഉൽപാദനവും വിപണനവും  എന്നിവയ്ക്ക് അനുമതിയുണ്ട്.

 50% ജീവനക്കാരുമായി തോട്ടങ്ങൾക്കു പ്രവർത്തിക്കാം. ഇൻഷുറൻസ് കമ്പനികൾ,ഹൗസിങ് ഫിനാൻസ് കമ്പനികൾ ഉൾപ്പെടെയുള്ള നോൺ ബാങ്കിങ് സാമ്പത്തിക സ്ഥാപനങ്ങൾ,സഹകരണ വായ്പാ സംഘങ്ങൾ എന്നിവ തുറക്കാം.

 ട്രക്ക് സർവീസ് ഉൾപ്പെടെ എല്ലാ ചരക്കു ഗതാഗതവും അനുവദിക്കും. നേരത്തെ സർക്കാർ ഇളവു നൽകിയ വ്യവസായങ്ങൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്.

Related post