ടാറിട്ടതിനു പിന്നാലെ റോഡ് ജല അതോറിറ്റി കുത്തിപ്പൊളിച്ചു.

ടാറിട്ടതിനു പിന്നാലെ റോഡ് ജല അതോറിറ്റി കുത്തിപ്പൊളിച്ചു.

കൊച്ചിയിൽ മാസങ്ങളായി തകർന്നു കിടന്ന റോഡ് ടാറിട്ടതിനു തൊട്ടു പിന്നാലെ വെട്ടിപ്പൊളിച്ച് ജല അതോറിറ്റി. നഗരത്തിലെ ജനത്തിരക്കേറിയ തമ്മനം – പൊന്നുരുന്നി റോഡാണു വെട്ടിപ്പൊളിച്ചത്. ജനങ്ങളെയും കോടതിയെയും വെല്ലുവിളിച്ചാണ് ജല അതോറിറ്റിയുടെ നടപടി. റോഡിന്റെ പകുതിയോളം കയ്യേറി വെട്ടിപ്പൊളിച്ചു. ഇതോടെ ഇന്നു രാവിലെ മുതൽ ഇവിടെ ജനങ്ങൾ റോഡ് ഉപരോധിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി ജനങ്ങളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കലക്ടർ സ്ഥലത്തെത്തിയാൽ മാത്രമേ ഉപരോധത്തിൽ നിന്നു പിൻമാറൂ എന്ന നിലപാടിലാണ് നാട്ടുകാർ. 

കഴിഞ്ഞ എട്ടുമാസമായി ജല അതോറിറ്റി, പൈപ്പ് ഇടുന്നതിനു വേണ്ടി റോഡിന്റെ ഇരുഭാഗവും റോഡിലേയ്ക്ക് കയറി കുഴിയെടുത്ത് ടാറിങ് നടത്താതെ ഇട്ടിരിക്കുകയായിരുന്നു. ഇന്നലെ ഇവിടെ ടാറിങ് പൂർത്തിയാതിനു തൊട്ടു പിന്നാലെയാണ് ജല അതോറിറ്റി കുഴിയെടുത്തിരിക്കുന്നത്. ഇക്കാര്യത്തിൽ കലക്ടർ സ്ഥലത്തെത്തി വിശദീകരിക്കണം എന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ജനങ്ങളുടെ രോഷ പ്രകടനത്തിനു മുന്നിൽ വിശദീകരണം നൽകാനാവാതെ പിൻവാങ്ങി. ഇക്കാര്യത്തിൽ ഔദ്യോഗികമായി വിശദീകരണം നൽകാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. 

തകർന്ന റോഡ് മാസങ്ങളോളം നന്നാക്കാതെ കിടന്നപ്പോൾ പലഭാഗത്തു നിന്നും പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം ഫലം കാണാതെ വന്നപ്പോൾ ഒടുവിൽ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് റോഡുകൾ ടാറിട്ടത്. നഗരത്തിൽ മിക്കറോഡുകളുടെയും ടാറിങ് പണികൾ പുരോഗമിക്കുന്നതേയുള്ളൂ. ഇതിനിടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടും വിധം കുഴി നിർമിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.

Related post