മൂന്നാം ട്വന്റി20യിൽ കിവീസിനെതിരെ ഇന്ത്യയ്ക്ക് ‘സൂപ്പർ’ ഓവർ വിജയം

മൂന്നാം ട്വന്റി20യിൽ കിവീസിനെതിരെ ഇന്ത്യയ്ക്ക് ‘സൂപ്പർ’ ഓവർ വിജയം

സൂപ്പർ ഓവറിലേക്കു നീണ്ട മൂന്നാം ട്വന്റി20യില്‍ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്കു വിജയം. സൂപ്പർ ഓവറിലെ വിജയലക്ഷ്യമായ 18 റൺസ് അവസാന 2 പന്തുകൾ സിക്സ് പറത്തിയാണു ഇന്ത്യ മറികടന്നത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ‍് നേടിയത് 17 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറു പന്തില്‍ 20 റൺസെടുത്തു. രോഹിത് ശർമ 15 ഉം കെ.എൽ. രാഹുൽ അഞ്ചും റൺസ് നേടി. മൂന്നാം ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി (3–0).

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസെടുത്തത്. ട്വന്റി20യിലെ 20–ാം അർധസെഞ്ചുറി കുറിച്ച രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. രോഹിത് 40 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 65 റൺസെടുത്തു. ക്യാപ്റ്റൻ വിരാട് കോലി 27 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 38 റൺസെടുത്തു. ന്യൂസീലൻഡിനായി ഹാമിഷ് ബെന്നറ്റ് നാല് ഓവറിൽ 54 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ആദ്യ രണ്ട് ഓവറിൽ 40 റൺസ് വഴങ്ങിയ ബെന്നറ്റ്, ശക്തമായ തിരിച്ചുവരവിലൂടെയാണ് അടുത്ത രണ്ട് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തത്

നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസീലൻഡ് 179 റൺസിലെത്തിയത്. ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ അർധസെഞ്ചുറി നേടി. 48 പന്തിൽ 95 റൺസെടുത്താണു താരം പുറത്തായത്. തകർത്തടിച്ച് മുന്നേറുകയായിരുന്ന മാർട്ടിൻ ഗപ്ടിൽ (21 പന്തിൽ 31), കോളിൻ മൺറോ (16 പന്തിൽ 14), മിച്ചൽ സാന്റ്നർ (11 പന്തിൽ ഒൻപത്), കോളിൻഡെ ഗ്രാൻഡ്ഹോം (12 പന്തിൽ അഞ്ച്), റോസ് ടെയ്‍ലർ (10 പന്തിൽ 17) എന്നിവരാണ് കിവീസ് നിരയിൽ പുറത്തായ മറ്റു താരങ്ങൾ. ഷാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി എന്നിവർ രണ്ടു വിക്കറ്റു വീതവും യുസ്‍വേന്ദ്ര ചെഹലും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും നേടി.

Related post