വീട്ടിലിരുന്ന് പണമുണ്ടാക്കാമെന്ന വാഗ്ദാനവുമായി തട്ടിപ്പ്

വീട്ടിലിരുന്ന് പണമുണ്ടാക്കാമെന്ന വാഗ്ദാനവുമായി തട്ടിപ്പ്

അടച്ചിടൽ കാലത്ത് വീട്ടിലിരുന്ന് കോടികൾ സമ്പാദിക്കാമെന്ന വാഗ്ദാനവുമായി മണിച്ചെയിൻ തട്ടിപ്പുകാർ രംഗത്ത്. ‘ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിക്കുന്നതിനാൽ മറ്റൊരു ജോലിക്കും പോകാൻ കഴിയില്ല. എന്നാൽ, ഈ സമയം ഞങ്ങളുടെ ബിസിനസിൽ ചേർന്നാൽ പണം സമ്പാദിക്കാം’- തട്ടിപ്പുകാരുടെ വാഗ്ദാനം ഇങ്ങനെ. സാങ്കൽപ്പികമായുള്ള എന്തെങ്കിലും പാക്കേജ് വാങ്ങുന്നതിലൂടെയാണ് ബിസിനസിൽ പങ്കാളിയാകേണ്ടത്. ശേഷം മൾട്ടി ലെവൽ മാർക്കറ്റിങ് പോലെ മറ്റു രണ്ടുപേരെ ചേർക്കണം. സാമൂഹികമാധ്യമങ്ങൾ വഴിയാണ് പ്രചാരണം നടത്തുന്നത്.

മണിച്ചെയിൻ രാജ്യത്ത് നിയമവിരുദ്ധമാണ്. എന്നാൽ, മൾട്ടി ലെവൽ മാർക്കറ്റിങ് കർശന മാർഗനിർദേശങ്ങൾ പ്രകാരം പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഇതുപ്രകാരമാണ് തങ്ങളുടെ കമ്പനി പ്രവർത്തിക്കുന്നതെന്നും അറിയിക്കും. തങ്ങൾ നടത്തുന്ന ബിസിനസിന് സർക്കാരിന്റെ അംഗീകാരമുണ്ടെന്നു കാണിക്കാൻ ഒട്ടേറെ തെളിവുകളും ഇവർ ഹാജരാക്കും. ഇതിനോടൊപ്പം അടയ്ക്കുന്ന തുകയിൽ ജി.എസ്.ടി. ഉണ്ടെന്നുകൂടി കേൾക്കുന്നതോടെ നല്ലൊരു ഭാഗം സാധാരണക്കാരും ഇത് വിശ്വസിക്കും.

ടൂർ പാക്കേജ് വാങ്ങി പങ്കാളിയാക്കുകയും മാസങ്ങൾക്കുള്ളിൽ കോടികൾ സമ്പാദിക്കാമെന്നുമുള്ള പേരിൽ പ്രചരിക്കുന്ന സന്ദേശത്തെക്കുറിച്ച് കൊച്ചി സൈബർ സെല്ലിന് വിവരം ലഭിച്ചിട്ടുണ്ട്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

Related post