വെള്ളക്കെട്ടില്ലാത്ത നഗരം ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ പദ്ധതി

വെള്ളക്കെട്ടില്ലാത്ത നഗരം ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ പദ്ധതി

മഴയിൽ മുങ്ങുന്ന റോഡുകൾക്ക് മോചനം നൽകി, വെള്ളക്കെട്ടില്ലാത്ത നഗരം ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ പദ്ധതി. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ടുദിവസം മുമ്പ് രാത്രി പെയ്ത മഴയിലും നഗരത്തിലെ പ്രധാന പലയിടങ്ങളും മുങ്ങിയിരുന്നു. ഇതിൽനിന്ന് മോചനം തേടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നഗരത്തിലെ കനാലുകളിലും ഓടകളിലും വെള്ളമൊഴുക്കിനുള്ള തടസ്സങ്ങൾ നീക്കുന്ന ജോലിയാണ് ശനിയാഴ്ചയും പുരോഗമിച്ചത്. പദ്ധതിയുടെ ഭാഗമായി ജനങ്ങളുടെ സഹകരണത്തോടും പങ്കാളിത്തത്തോടും കൂടി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്

ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ നോഡൽ ഓഫീസറായി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപവത്‌കരിച്ചിട്ടുള്ള കർമസേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ‘ബ്രേക് ത്രൂ’ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ള 200-ലേറെ പ്രവൃത്തികളിൽ 36 എണ്ണമാണ് ഇതിനകം ആരംഭിച്ചിട്ടുള്ളത്. അമ്മൻ കോവിൽ റോഡ്, എളമക്കര സൗത്ത്, പരമാര റോഡ്, വിവേകാനന്ദ തോട്, പനമ്പിള്ളി നഗർ, പാരഡൈസ് റോഡ്, കാരണക്കോടം തോട് എന്നിവിടങ്ങളിലും കഴിഞ്ഞദിവസങ്ങളിൽ തടസ്സങ്ങൾ നീക്കിയിരുന്നു.

പദ്ധതിയുടെ ഭാഗമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ച സഹോദരൻ അയ്യപ്പൻ റോഡ്, ഡിവിഷൻ 46-ലെ ശോഭാ റോഡ്, നെടുന്തോട്ടിങ്കൽ തോട് എന്നിവിടങ്ങളിൽ കളക്ടർ സന്ദർശനം നടത്തി. ഉദ്യോഗസ്ഥർ, കരാറുകാർ, തൊഴിലാളികൾ എന്നിവരുമായി ആശയ വിനിമയം നടത്തി.

Related post